ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിക്കോളാസ് പുരാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മിന്നുംപ്രകടനത്തിന്റെ പിന്‍ബലത്തിലാണ് എല്‍എസ്ജി മികച്ച നിലയില്‍ എത്തിയത്. അതേസമയം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇന്നത്തെ കളിയില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. സ്ഥിരമായി നാലാമനായി ഇറങ്ങാറുളള പന്തിന് പകരം അബ്ദുള്‍ സമദാണ് ഇന്ന് എല്‍എസ്ജിക്കായി ഇറങ്ങിയത്. എന്നാല്‍ ഒരു സിക്‌സ് മാത്രം അടിച്ച് സമദ് പുറത്തായി. തുടര്‍ന്ന് സമദിന് പിന്നാലെ പന്ത് ഇറങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെ ഡേവിഡ് മില്ലര്‍ ഇറങ്ങുകയായിരുന്നു.
പന്തിന്റെ ഈ തീരുമാനത്തിന് പിന്നാലെ അദ്ദേഹം ഒളിച്ചിരിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് ആരാധകര്‍ പരിഹസിച്ചത്. “എന്തിനാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതില്‍ നിന്നും പന്ത് സ്വയം ഒളിച്ചിരിക്കുന്നത്” എന്ന് ഒരാള്‍ ചോദിക്കുന്നു. 27 കോര്‍ ഡാഡി വെയ്റ്റിങ്, റിഷഭ് പന്ത് എന്ന് കുറിച്ചുകൊണ്ടാണ് മറ്റൊരു ആരാധകന്റെ ട്രോള്‍.
ഈ സീസണില്‍ ഇംപാക്ടുളള ഒറ്റ ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല. വളരെ കുറഞ്ഞ സ്‌കോറിലാണ് മിക്ക കളികളിലും പന്ത് പുറത്തായത്. 27കോടി പ്രൈസ് ടാഗ് സമ്മര്‍ദം താരത്തിന്റെ കളിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ മോശമല്ലാത്ത പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുളളത്.