ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി സക്‌സസ്ഫുള്‍ ചേസില്‍ ഒരാള്‍ 500+ മിനിട്ടുകള്‍ ബാറ്റ് ചെയ്തിരിക്കുന്നു!

മുഹമ്മദ് അലി ഷിഹാബ്

145 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി സക്‌സസ്ഫുള്‍ ചേസില്‍ ഒരാള്‍ 500+ മിനുട്ടുകള്‍ ബാറ്റ് ചെയ്തിരിക്കുന്നു. പാക്കിസ്ഥാന്റെ അബ്‌ളുള്ള ഷഫീഖാണ് ഈ നേട്ടം കൈവരിച്ചത്.

524 മിനുട്ട് ബാറ്റ് ചെയ്ത അബ്ദുള്ള ഷഫീഖ് ടോട്ടല്‍ 4th ഇന്നിങ്ങ്‌സ് ലിസ്റ്റില്‍ മൂന്നാമതും ഉണ്ട്, മുന്നിലുള്ളത് മൈക്കല്‍ ആതര്‍ട്ടണും (643) ബാബര്‍ അസവും (603) മാത്രം. 408 പന്തുകള്‍ നേരിട്ടിരുന്നു ഷഫീഖ് നാലാം ഇന്നിങ്ങ്‌സില്‍.

വിജയിച്ച ചേസുകളിലെ ഇന്നിങ്‌സില്‍ 400 പന്തുകള്‍ നേരിടുന്ന രണ്ടാമത്തെ മാത്രം താരം, ആദ്യം ഈ നേട്ടത്തിലെത്തിയത് 1929ല്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന്റെ ഹെര്‍ബെര്‍ട് സറ്റ്ക്ലിഫാണ് (462 പന്തുകള്‍).

വേറെയൊരു പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ ഷഫീഖിന്റെ നേട്ടത്തിന്, ടെസ്റ്റ് ചരിത്രത്തില്‍ 300+ ചേസുകള്‍ വിജയിപ്പിച്ചെടുക്കുമ്പോള്‍ ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന രണ്ടാമത്തെ മാത്രം താരമാണ് ഷഫീഖ്.

ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത് 1984ല്‍ ലോര്‍ഡ്‌സില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജാണ്. അന്നും ഇന്നും ചേസ് ചെയ്യേണ്ട ലക്ഷ്യം എന്നത് 342 ആയിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ഷഫീഖ് ഇതുവരെ തന്റെ ടെസ്റ്റ് കരിയറില്‍ സ്വന്തമാക്കിയ റണ്‍സ് 720 ആണ്. തങ്ങളുടെ ആദ്യ 6 ടെസ്റ്റ് മത്സരങ്ങളില്‍ ഷഫീഖിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് മൂന്നു പേര്‍ മാത്രമാണ്, സുനില്‍ ഗാവസ്‌കറും (912) ഡോണ്‍ ബ്രാഡ്മാനും (862) ജോര്‍ജ് ഹെഡ്‌ലിയും (730).

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്