ആര്‍സിബിക്കെതിരായ വിജയത്തോടെ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 2025ന്റെ പോയിന്റ് ടേബിളില്‍ മുകളിലോട്ട് കയറിയിരിക്കുകയാണ്. ബെംഗളൂരു ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. ഇതോടെ ഈ സീസണിലെ ആര്‍സിബിയുടെ വിജയക്കുതിപ്പിന് ഗുജറാത്ത് ടൈറ്റന്‍സ് തടയിടുകയും ചെയ്തു. ഓപ്പണര്‍ സായി സുദര്‍ശന്റെ ഇന്നിങ്‌സ് ഇത്തവണയും ഗുജറാത്ത് ടീമിന്റെ രക്ഷയ്‌ക്കെത്തി. ശുഭ്മാന്‍ ഗില്ലിനൊപ്പം മോശമില്ലാത്തൊരു തുടക്കം നല്‍കിയ സായി ബട്‌ലറിനൊപ്പം ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു.
36 പന്തുകളില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 49 റണ്‍സാണ് സായി സുദര്‍ശന്‍ ബെംഗളൂരുവിനെതിരെ നേടിയത്. 12.3 ഓവറില്‍ 107/2 എന്ന നിലയില്‍ ടീമിനെ ഭദ്രമായി നിലയില്‍ എത്തിച്ച ശേഷമായിരുന്നു താരത്തിന്റെ പുറത്താവല്‍. അതേസമയം സായി സുദര്‍ശന് ഇനിയും അവസരങ്ങള്‍ നല്‍കിയാല്‍ ക്രിക്കറ്റിലെ ചാമ്പ്യനായി മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുമായി സായിയെ താരതമ്യപ്പെടുത്തിയാണ് സിദ്ധുവിന്റെ പരാമര്‍ശം.
ഞാന്‍ സായി സുദര്‍ശന്റെ വലിയ ആരാധകനാണ്. സാങ്കേതികപരമായി ഞാന്‍ കണ്ടിട്ടുളള മികച്ച ബാറ്ററാണ് അവന്‍. സുനില്‍ ഗവാസ്‌കറുമായി സാമ്യമുളള അവന്‍ അദ്ദേഹത്തെ പോലെ ബാറ്റ് ചെയ്യുന്നു. ശരീരവുമായി വളരെ ചേര്‍ന്നുളള ബാറ്റിങ്ങാണ് സായിയുടേത്. ഏത് ഫോര്‍മാറ്റില്‍ അവസരം കൊടുത്താലും അവന്‍ ക്രിക്കറ്റിലെ ചാമ്പ്യനാവും. ജോഷ് ഹേസല്‍വുഡിനെതിരെ സായി കളിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് ഏതൊരു ബാറ്ററും ഇതുവരെ കളിച്ചുളള ഷോട്ടുകളില്‍ എറ്റവും മികച്ചതാണ്, സിദ്ധു പറഞ്ഞു.