കാവ്യയുടെ ഈ അവസ്ഥ കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു; കലാനിധി മാരനോട് പ്രതിവിധി കാണാന്‍ ആവശ്യപ്പെട്ട് രജനികാന്ത്

ഐപിഎല്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിന്റെ ഉടമയാണ് കാവ്യ മാരന്‍. ഹൈദരാബാദിന്റെ മിക്ക മത്സരങ്ങളിലും ടീമിന് പ്രോത്സാഹനം നല്‍കാനും കാവ്യ സ്റ്റേഡിയത്തിലെത്താറുണ്ട്. എന്നാല്‍ 2016ന് ശേഷം ടീമിന് അത്ര മികച്ച പ്രകടനം കാഴ്ചവ്ക്കാനായിട്ടില്ല. ടീമിന്റെ മോശം പ്രകടനത്തില്‍ നിരാശയായ കാവ്യയുടെ മുഖം സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ കാവ്യയുടെ ഈ മുഖം കണ്ട് വളരെ സങ്കടം തോന്നുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്.

രജനീകാന്തിന്റെ പുതിയ സിനിമയായ ജയിലറുടെ പ്രൊഡ്യൂസര്‍ കാവ്യനിധിയുടെ പിതാവ് കലാനിധി മാരനാണ്. ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് കലാനിധി മാരനോട് കാവ്യാ മാരനെക്കുറിച്ച് രജനി പറഞ്ഞത്. കാവ്യയുടെ വിഷമിച്ചിരിക്കുന്ന മുഖം കാണാനാവുന്നില്ലെന്നാണ് രജനി തമാശ രൂപേണെ പറഞ്ഞത്.

‘കലാനിധി മാരന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് കുറച്ച് നല്ല കളിക്കാരെ നിങ്ങള്‍ പരിഗണിക്കൂ. ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ കാവ്യാ മാരന്റെ വിഷമിച്ചിരിക്കുന്ന മുഖം കണ്ട് വളരെ സങ്കടം തോന്നുന്നു’ എന്നായിരുന്നു രജനിയുടെ വാക്കുകള്‍. ഇതുകേട്ട് കലാനിധി മാരന്‍ ചിരിക്കുകയാണ് ചെയ്തത്.

Read more

2016ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. എന്നാല്‍ പിന്നീടിങ്ങോട്ട് നോക്കുമ്പോള്‍ ടീമിന് പഴയ മികവുകാട്ടാനാവുന്നില്ല. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് നാല് ജയം മാത്രം നേടിയ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു.