ഡൽഹിയും റെയിൽവേയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിന് മുന്നോടിയായി സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയുടെ ദൗർബല്യം ചൂണ്ടിക്കാട്ടി മുൻ താരം മുഹമ്മദ് കൈഫ്. 12 വർഷത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ഇന്ന് മുതൽ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഡൽഹിയെ പ്രതിനിധീകരിക്കും.
2012 നവംബറിൽ നടന്ന രഞ്ജി ട്രോഫിയിൽ കോഹ്‌ലിയുടെ അവസാന മത്സരം 14ഉം 43ഉം സ്‌കോർ ചെയ്‌ത് അവസാനിച്ചപ്പോൾ രണ്ട് ഇന്നിംഗ്‌സിലും ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ താരത്തെ പുറത്താക്കി. ഒന്നാം ഇന്നിംഗ്‌സിൽ മുഹമ്മദ് കൈഫിൻ്റെ തകർപ്പൻ ക്യാച്ചിന് ഒടുവിലാൻ താരം മടങ്ങിയത്. ബാറ്ററിൻ്റെ ഓഫ് സ്റ്റമ്പിൻ്റെ ബലഹീനതയെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ:
“2012ൽ ഡൽഹിക്കെതിരായ ഞങ്ങളുടെ മത്സരമാണ് ഇതിന് മുമ്പ് വിരാട് കോലി രഞ്ജി ട്രോഫിയിൽ കളിച്ചത്. ആ സമയത്തും അദ്ദേഹത്തിന് ഓഫ് സ്റ്റംപിൻ്റെ ബലഹീനത ഉണ്ടായിരുന്നു. അതേ ബലഹീനത ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ ബൗളർമാർ അവനെ പുറത്താക്കിയതുപോലെ, ഞങ്ങൾക്കെതിരായ ആ രഞ്ജി ട്രോഫി മത്സരത്തിലും അദ്ദേഹം പുറത്തായി, ”മുഹമ്മദ് കൈഫ് പറഞ്ഞു.
കോഹ്‌ലിയുടെ ഓഫ് സ്റ്റംപിലെ ബുദ്ധിമുട്ടിന് കാരണം പരിഹരിക്കാൻ താരം തയാറായിട്ടില്ല എന്നും കൈഫ് പറഞ്ഞു. വലിയ സാങ്കേതിക പിഴവുണ്ടായിട്ടും വിജയം നേടിയതിന് അദ്ദേഹം ബാറ്ററെ അഭിനന്ദിച്ചു. “ഓഫ് സ്റ്റമ്പിന് പുറത്ത് ദൗർബല്യമുണ്ടായിട്ടും അദ്ദേഹത്തിൻ്റെ വിജയം കാണുന്നത് അത്ഭുതകരമാണ്. ഏകദിനത്തിൽ 50 സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്,” കൈഫ് കൂട്ടിച്ചേർത്തു.