ഞാന്‍ 'സജദ' ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് തടയാന്‍ കഴിയുക, ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ചെയ്യും: വിവാദങ്ങളോട് പ്രതികരിച്ച് ഷമി

ഏകദിന ലോകകപ്പില്‍ തന്നെ ചുറ്റിപ്പറ്റിയുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ച് മുഹമ്മദ് ഷമി. ടൂര്‍ണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരത്തിന്റെ പ്രകടനത്തേക്കാള്‍ മുഹമ്മദ് ഷമിയുടെ മതമാണ് ലോകകപ്പ് വേദികളില്‍ പലതവണ ചര്‍ച്ചയായത്. ഇപ്പോഴിതാ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഷമി ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അന്ന് അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഷമി ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്നതും ഒരുപാട് ചര്‍ച്ചയായി. അന്നത്തെ മത്സരത്തില്‍ മുട്ടില്‍ നിന്നത് ‘സജദ’ എന്ന പ്രാര്‍ത്ഥന ചെല്ലാനായിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ മുസ്ലീം ആയതിനാല്‍ ‘സജദ’ ചെയ്യാന്‍ ഷമി ഭയപ്പെട്ടു. അതുകൊണ്ടാണോ പ്രാര്‍ത്ഥനയില്‍ നിന്ന് പിന്മാറിയത്. ഇതായിരുന്നു അവതാകരന്‍ ഉന്നയിച്ച ചോദ്യം.

ഞാന്‍ ‘സജദ’ ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് എന്നെ തടയാന്‍ കഴിയുക. ഒരാളുടെ മതത്തില്‍ നിന്ന് അയാളെ മാറ്റാന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശമില്ല. ഞാന്‍ ഒരു ഇന്ത്യന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. അതുപോലെ ഞാനൊരു മുസ്ലീമാണെന്നതിലും അഭിമാനം കൊള്ളുന്നു.

ഇന്ത്യയില്‍ എനിക്ക് എന്തേലും പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഇവിടം വിടുമായിരുന്നു. ‘സജദ’ ചെയ്യാന്‍ എനിക്ക് ഒരാളുടെ അനുമതി ആവശ്യമെങ്കില്‍ ഞാന്‍ ഇന്ത്യയില്‍ എങ്ങനെ താമസിക്കും. ഞാന്‍ മുമ്പെപ്പോഴെങ്കിലും ‘സജദ’ ഗ്രൗണ്ടില്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ഞാന്‍ അത് ചെയ്യും- മുഹമ്മദ് ഷമി വ്യക്തമാക്കി.