'ഇന്ത്യ അവനെ ഭാവിയിലേക്ക് ഒരുക്കുകയാണ്'; നിരീക്ഷണവുമായി ഹര്‍ഭജന്‍ സിംഗ്

രവിചന്ദ്രന്‍ അശ്വിനേക്കാള്‍ വാഷിംഗ്ടണ്‍ സുന്ദറിന് മുന്‍ഗണന നല്‍കി ഇന്ത്യ ഭാവിയിലേക്ക് തയ്യാറെടുക്കുകയാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ലെ സീരീസ് ഓപ്പണറില്‍ ഇന്ത്യ അശ്വിനേയും രവീന്ദ്ര ജഡേജയേയും ബെഞ്ചിലാക്കുകയും സുന്ദറിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

രണ്ട് ഇന്നിംഗ്സുകളിലുമായി 33 റണ്‍സെടുത്ത സുന്ദര്‍ രണ്ട് ബാറ്റര്‍മാരെയും പുറത്താക്കി. മൂന്ന് വര്‍ഷത്തിന് ശേഷം അടുത്തിടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ അദ്ദേഹം ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ടീം മാനേജ്‌മെന്റ് ദീര്‍ഘകാല പദ്ധതിയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. അശ്വിന് 38 വയസ്സുണ്ട്, അതുകൊണ്ടാണ് അവര്‍ സുന്ദറിനെ ടീമിനൊപ്പം നിര്‍ത്തിയത്. അശ്വിന്‍ വിരമിക്കുമ്പോഴെല്ലാം വാഷിംഗ്ടണിനെ സജ്ജരാക്കണമെന്നാണ് ടീമുകള്‍ കരുതുന്നത്. അവര്‍ ആ ഒരു പ്ലാനിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ കരുതുന്നു- ഹര്‍ഭജന്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റിന് വേദിയായ അഡ്ലെയ്ഡ് ഓവലില്‍ മൂന്ന് ടെസ്റ്റുകളില്‍നിന്നായി അശ്വിന്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അഡ്ലെയ്ഡിലെ അവസാന ടെസ്റ്റില്‍, 2020-21 പരമ്പരയില്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ നാല് ബാറ്റ്സ്മാരെയും രണ്ടാം ഇന്നിംഗ്‌സില്‍ ഒരാളെയും അദ്ദേഹം പുറത്താക്കി.

Read more