ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

അടുത്ത മാസം യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പ് കളിക്കാൻ ഇറങ്ങുന്ന ഇന്ത്യയുടെ ദേശീയ ടീമിൻ്റെ പുതിയ ജേഴ്സി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഔദ്യോഗിക കിറ്റ് സ്പോൺസറായ അഡിഡാസ് പുറത്തിറക്കി.

ഓറഞ്ച് നിറത്തിന് അമിത പ്രാധാന്യം നൽകുന്ന ജേഴ്സിയിൽ നീല നിറം താതമ്യേന കുറവാണ്. ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ രസകരമായ ശൈലിയിലാണ് അഡിഡാസ് ജേഴ്സി പുറത്തിറക്കിയത്. രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന 15 അംഗ ടീമിൽ ഉൾപ്പെടുന്ന ടീം ഇന്ത്യയുടെ പ്രമുഖ കളിക്കാരെ ലോഞ്ച് വീഡിയോ കാണിക്കുന്നു. വീഡിയോയിൽ, ഒരു ഹെലികോപ്ടർ ടീം ഇന്ത്യയുടെ പുതിയ നീല-ഓറഞ്ച് ജേഴ്‌സി വഹിക്കുന്നതായി കാണുന്നു. ഇന്ന് മുതൽ അഡിഡാസിന്റെ സ്റ്റോറുകളിൽ നിന്ന് ജേഴ്സികൾ ലഭ്യമാകും.

“വൺ ജേഴ്സി, വൺ നേഷൻ. പുതിയ ടീം ഇന്ത്യ ടി20 ജേഴ്സി അവതരിപ്പിക്കുന്നു,” അഡിഡാസ് അവരുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്തായാലും പുതിയ ജേഴ്സി ഇറങ്ങിയതിന് പിന്നാലെ വമ്പൻ വിമർശനമാണ് ഉയരുന്നത്. ജേഴ്സിയിലെ കാവി നിറത്തിന്റെ അതിപ്രസരം ഒരു വിഭാഗം ആരധകരെ അസ്വസ്ഥരാക്കി. നേരത്തെ അൽപ്പാൽപ്പം മാത്രമായിരുന്ന കാവി നിറം ഇപ്പോൾ ബാക്റ്റീരിയ പോലെ പുതിയ പുതിയ ജേഴ്സിയുടെ ഭൂരിഭാഗം ഭാഗങ്ങളും കൈയടക്കിയത് അജണ്ടയുടെ ഭാഗമായിട്ടാണ് പറയുന്നത്.

ജൂൺ നാലിന് അയർലൻഡിനെതിരെയാണ് ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോരാട്ടം ജൂൺ 9 ന് ന്യൂയോർക്കിൽ നടക്കും.