കോവിഡ് 19 എന്ന മഹാമാരി ലോകം അടക്കി വാണപ്പോള്‍ കായികമേഖലയും മുഴുവനായി സ്തംഭിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ക്രിക്കറ്റില്‍ ടി20 ലോക കപ്പ് അടക്കം പല പ്രമുഖ പരമ്പരകളും മാറ്റിവെയ്ക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും പ്രതീക്ഷകളുടെയും വര്‍ഷമാണ് 2020. അധികം മത്സരങ്ങള്‍ ഒന്നും നടന്നില്ലെങ്കിലും നഷ്ടം അത് ഒഴിവാക്കാനായില്ല.
മുന്‍ നായകന്‍ എം.എസ് ധോണിയുടെ വിരമിക്കലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച പ്രധാന “നഷ്ടം”. 2019 ലോക കപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ധോണി ഓഗസ്റ്റ് 15- നാണ് വിരമിച്ചത്. കൂടെ സുരേഷ് റെയ്‌നയും കളി മതിയാക്കി. ഇവര്‍ മാത്രമല്ല ഇര്‍ഫാന്‍ പഠാന്‍, പാർത്ഥിവ് പട്ടേല്‍ എന്നിവരും കളി മതിയാക്കി. എല്ലാം ഒന്നിനൊന്ന് നികത്താനാവാത്ത നഷ്ടം.
ഈ വര്‍ഷം ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര ഇന്ത്യ നേടിയപ്പോള്‍ ന്യൂസിലന്‍ഡില്‍ ഇന്ത്യ വെള്ളംകുടിച്ചു. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും നാണംകെട്ടു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജനുവരില്‍ നടന്നിരുന്നു. ഇന്ത്യയായിരുന്നു വേദി. പരമ്പരയില്‍ ഓസീസ് 1-2 ന് മുട്ടുമടക്കുകയും ചെയ്തു.
യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ മത്സരത്തിന് പിന്നാലെ ഓസീസ് പര്യടനത്തിലാണ് ഇന്ത്യ ഇപ്പോള്‍. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 1-1 എന്ന സമനില പിടിച്ച് പ്രതീക്ഷ കാക്കുകയാണ് ഇന്ത്യ.
2020-ന്റെ പ്രതീക്ഷകളിലേക്ക് വന്നാല്‍ മികച്ച ഒരുപിടി താരങ്ങളെ ടീം ഇന്ത്യയ്ക്ക് ലഭിച്ചു എന്നതാണ്. ടി.നടരാജന്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇതില്‍ പ്രധാനികളാണ്. ഓസീസ് മണ്ണില്‍ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെയ്ക്കുന്നത്. ഒപ്പം ടെസ്റ്റിലെ രഹാനെയുടെ ക്യാപ്റ്റന്‍സിയും ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കോഹ് ലിയുടെ ആദ്യ മത്സരം തോറ്റ ടീം ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കോഹ് ലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രഹാനെയുടെ നായകമികവും ബാറ്റിംഗ് പ്രകടനവും കളിയില്‍ നിര്‍ണായകമായി. ഐ.പി.എല്ലിലും ഇത്തവണ നിരവധി യുവതാരങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Read more
കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം മത്സരങ്ങള്‍ കുറവായിരുന്ന ടീം ഇന്ത്യ 2021- ല്‍ അതിന്റെ ക്ഷീണം തീര്‍ക്കും. അടുത്ത വര്‍ഷം തുടരെതുടരെ നിരവധി മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20 ലോക കപ്പ്, ഏഷ്യാ കപ്പ്, ഐ.പി.എല്‍ അടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകളും അടുത്ത വര്‍ഷം കാത്തിരിക്കുന്നുണ്ട്. ജനുവരിയില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തും. മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ നാലു വീതം ടെസ്റ്റുകളും ഏകദിനങ്ങളും ടി20കളും കളിക്കും. ശേഷം മാര്‍ച്ച് മുതല്‍ മെയ് വരെ ഐ.പി.എല്‍ 14ാം സീസണിലായിരിക്കും താരങ്ങള്‍.