'പന്തില്‍ കാര്യമായി പണിയെടുത്തിട്ടുണ്ട്'; ഓസ്ട്രേലിയക്കെതിരെ അര്‍ഷ്ദീപ് ബോളില്‍ കൃത്രിമം കാണിച്ചെന്ന് ഇന്‍സമാം ഉള്‍ ഹഖ്

ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. അര്‍ഷ്ദീപ് സിംഗിന്റെ സ്‌പെല്ലിനെക്കുറിച്ചാണ് ഇന്‍സമാം ഉള്‍ ഹഖ് സംശയം ഉന്നയിച്ചത്. ഒരു ടിവി ഷോയില്‍ സംസാരിക്കുമ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ 15-ാം ഓവറില്‍ പന്ത് റിവേഴ്സ് ചെയ്യാനുള്ള അര്‍ഷ്ദീപിന്റെ കഴിവില്‍ സംശയം പ്രകടിപ്പിക്കുകയും ഇത്തരം സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ അമ്പയര്‍മാരെ ഉപദേശിക്കുകയും ചെയ്തു.

അര്‍ഷ്ദീപ് സിംഗ് 15ാം ഓവര്‍ ബോള്‍ ചെയ്യുന്ന സമയത്ത് അയാള്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്‌സ് സ്വിംഗ് കണ്ടെത്താനാകുക? 12ാം ഓവറും 13ാം ഓവറും ആയപ്പോഴേക്കും പന്തിന് റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നുണ്ടായിരുന്നോ?

അര്‍ഷ്ദീപ് പന്തെറിയാന്‍ എത്തിയപ്പോള്‍ത്തന്നെ റിവേഴ്‌സ് സ്വിംഗ് ലഭിച്ചു. ഇത്തരം കാര്യങ്ങളില്‍ അംപയര്‍മാര്‍ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണ്. ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. പാകിസ്ഥാന്‍ താരങ്ങളാണ് ഇതു ചെയ്തതെങ്കില്‍ എന്തായിരിക്കും ബഹളം.

എന്താണ് റിവേഴ്‌സ് സ്വിംഗ് എന്ന് നമുക്കെല്ലാം അറിയാം. അര്‍ഷ്ദീപിനേപ്പോലെ ഒരു താരത്തിന് 15ാം ഓവറില്‍ റിവേഴ്‌സ് സ്വിംഗ് ലഭിക്കണമെങ്കില്‍ ആ പന്തില്‍ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്- ഇന്‍സമാം പറഞ്ഞു.

ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ അര്‍ഷ്ദീപ് സിംഗ് വളരെ പ്രധാനിയാണ്. വെറും ആറ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറാണ്. ജസ്പ്രീത് ബുംറയ്ക്കൊപ്പം, ടൂര്‍ണമെന്റിലുടനീളം തന്റെ നിയന്ത്രിതവും ആസൂത്രിതവുമായ ബോളിംഗിലൂടെ അര്‍ഷ്ദീപ് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നു. ഗയാനയില്‍ നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടും.