'അവന്‍ എന്നെ പുറത്താക്കി, കളി ഞാന്‍ ജയിച്ചു'; വീട്ടിലെ അവസ്ഥ പറഞ്ഞ് ഹാര്‍ദ്ദിക്

ഐപിഎല്ലില്‍ ഇന്നലെ കന്നിയങ്കക്കാരുടെ പോരാട്ടമായിരുന്നു. ടൂര്‍ണമെന്റിലെ അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോര് ഏറെ ആവേശം നിറഞ്ഞതായിരുന്നു. പാണ്ഡ്യ ബ്രദേഴ്‌സും മത്സരത്തില്‍ നേര്‍ക്കുനേര്‍ വന്നതും ആരാധകര്‍ക്ക് ആവേശം പകര്‍ന്നു.

മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്തിനായിരുന്നു വിജയം. എന്നാല്‍ എതിര്‍ ടീമിലുള്ള ക്രുണാല്‍ പാണ്ഡ്യയ്ക്ക് ഹാര്‍ട്ടിക്കിനെ പുറത്താക്കാനായി. മത്സര ശേഷം ഇതേക്കുറിച്ച് ഹാര്‍ദ്ദിക് പ്രതികരിച്ചു.

‘എന്റെ വിക്കറ്റ് അവന്‍ വീഴ്ത്തി, കളി ഞാന്‍ ജയിച്ചു. എന്നാല്‍ നിക്ഷ്പക്ഷരാണ് എന്റെ കുടുംബം അവര്‍ ഹാപ്പിയാണ്’ ഹാര്‍ദ്ദിക് പറഞ്ഞു. ഗുജറാത്ത് ഇന്നിംഗ്സിന്റെ 11ാം ഓവറിലെ ക്രുണാലിന്റെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചാണ് ഹാര്‍ദിക് പുറത്തായത്. എന്നാല്‍ ഈ വിക്കറ്റ് ക്രുണാല്‍ ആഘോഷിച്ചതുമില്ല.

മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ലഖ്നൗ മുന്നോട്ടുവെച്ച 159 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. നിര്‍ണായക സമയത്ത് കത്തിക്കയറിയ രാഹുല്‍ തെവാട്ടിയയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 24 ബോള്‍ നേരിട്ട താരം 2 സിക്സിന്റെയും 5 ഫോറിന്റെയും അകമ്പടില്‍ 40 റണ്‍സെടുത്തു പുറത്താകാതെ നിന്നു.