സോറി സഹോ.., ചേട്ടന്റെ ടീമിനെ തകര്‍ത്ത് ഹാര്‍ദ്ദിക്; പ്ലേഓഫ് ഊട്ടിയുറപ്പിച്ച് ഗുജറാത്ത്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സ് ജയം. ഗുജറാത്ത് മുന്നോട്ടുവെച്ച 228 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡീകോക്കാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ഡീകോക്ക് 41 ബോളില്‍ 3 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ 70 റണ്‍സെടുത്തു. കെയ്ന്‍ മെയേര്‍സ് 32 ബോളില്‍ 2 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ 48 റണ്‍സെടുത്തു. ആയുശ് ബഡോണി 11 ബോളില്‍ 21 റണ്‍സെടുത്തു. മറ്റാര്‍ക്കും ലഖ്‌നൗ നിരയില്‍ തിളങ്ങാനായില്ല.

ഗുജറാത്തിനായി മോഹിത് ശര്‍മ്മ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതകം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിന്റെയും വൃധിമാന്‍ സാഹയുടെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് ഗുജറാത്തിന് കരുത്തായത്.

Read more

ഗില്‍ പുറത്താവാതെ 94ഉം സാഹ 81ഉം റണ്‍സ് നേടി. 51 ബോളില്‍ ഏഴു സിക്സറും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. സാഹ 43 ബോളില്‍ 10 ഫോറും നാലു സിക്സറുമടിച്ചു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (25), ഡേവിഡ് മില്ലര്‍ (21*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.