ചെണ്ടയില്‍നിന്ന് ഹീറോയിലേക്ക്, പാണ്ഡ്യ കരുത്തിനെ പിടിച്ചുകെട്ടി ഉമേഷ്, യുവനായകന് ഹാപ്പി അരങ്ങേറ്റം

ഐപിഎല്‍ 17ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ആറ് റണ്‍സ് തോല്‍വി. ശുഭ്മാന്‍ ഗില്‍ നായകനായി അരങ്ങറിയ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേയായുള്ളു. 38 ബോളില്‍ 46 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

രോഹിത് ശര്‍മ്മ 29 ബോളില്‍ 43 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 0, നമാന്‍ ദിര്‍ 10 ബോളില്‍ 20, ടിം ഡൈവിഡ് 10 ബോളില്‍ 11, തിലക് വര്‍മ്മ 18 ബോളില്‍ 28, ഹാര്‍ദ്ദിക് പാണ്ഡ്യ 4 ബോളില്‍ 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ആദ്യ രണ്ട് ബോളില്‍ 10 റണ്‍സ് വഴങ്ങിയ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ഉമേഷ് യാദവാണ് മാസ്മരിക ബോളിംഗിലൂടെ ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്. മൂന്ന് ഓവര്‍ ബോള്‍ ചെയ്ത താരം 31 റണ്‍സ് വഴങ്ങി. ഗുജറാത്ത് നിരയില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയത് ഉമേഷാണ്.

ഗുജറാത്തിനായി ഉമേഷ് യാദവ്, അസ്മത്തുല്ല ഒമര്‍സായ്, മോഹിത് ശര്‍മ്മ, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ രണ്ടു വീതവും സായ് കിഷോര്‍ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈയ്ക്ക് മുമ്പില്‍ വെച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് സായ് സുദര്‍ശന്റെ (45) ഇന്നിംഗ്സാണ് തുണയായത്. നായകന്‍ ശുഭ്മാന്‍ ഗില്‍ 31 റണ്‍സെടുത്തു.

ജസ്പ്രിത് ബുംമ്ര നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുന്‍ ഗുജറാത്ത് ക്യാപ്റ്റനും നിലവില്‍ മുംബൈ നായകനുമായ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നുമെടുക്കാന്‍ സാധിച്ചതുമില്ല.