2008 നു ശേഷം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 50 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുത്തിയത്. മത്സരത്തിൽ 197 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കളിയുടെ ഒരു പോയിന്റിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ടീമിന് ആയില്ല എന്ന് പറയാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കം മുതൽ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146റൺസിൽ അവസാനിച്ചു. 41 റൺസെടുത്ത രച്ചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിൽ ധോണി ഇറങ്ങിയത് ഒൻപതാം നമ്പറിലാണ്. അതിൽ വൻ തോതിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ ധോണി ഇതേ പൊസിഷനിൽ ഇറങ്ങിയിരുന്നു. ധോണിക്ക് മുൻപ് ജഡേജ എന്തിനാണ് ഇറങ്ങുന്നത് എന്നാണ് അന്ന് വിമർശനങ്ങൾ ഉയർന്നത്. അന്നത്തെ സംഭവത്തിൽ ധോണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
എം എസ് ധോണി പറയുന്നത് ഇങ്ങനെ:
” എന്റെ കാൽ മുട്ടിനു കുഴപ്പം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അത് മാനേജ് ചെയ്യാൻ സാധിക്കുമായിരുന്നു. അന്ന് ടി 20 വേൾഡ് കപ്പിന്റെ സിലക്ഷൻ നടക്കുന്ന സമയമായതിനാൽ ഞങ്ങളുടെ ടീമിലെ താരങ്ങളായ രവീന്ദ്ര ജഡേജ, ശിവം ദുബൈ എന്നിവർക്ക് അവസരം ലഭിക്കണമായിരുന്നു. അതിനാൽ തന്നെ ഞാൻ താഴത്തെ സ്ഥാനത്ത് കളിച്ചു. എനിക്ക് ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട കാര്യമില്ലല്ലോ. അവർക്കെതിരെ ഞാൻ കോംപെറ്റീഷൻ കൊടുക്കാനും ആഗ്രഹിക്കുന്നില്ല” എം എസ് ധോണി പറഞ്ഞു.