2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിയോട് ചെന്നൈ പരാജയം ഏറ്റുവാങ്ങിയിരുന്നു. 50 റൺസിന്റെ തോൽവി ചെന്നൈ ഏറ്റുവാങ്ങിയപ്പോൾ കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ബാംഗ്ലൂർ ചെന്നൈയെ കശക്കിയെറിഞ്ഞെന്ന് പറയാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കം മുതൽ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146റൺസിൽ അവസാനിച്ചു. 41 റൺസെടുത്ത രച്ചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നു.
എന്നാൽ തോൽവിയിലും ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം ഇനി മുതൽ ധോണിയാണ്. മുൻ താരം സുരേഷ് റെയ്നയുടെ റെക്കോർഡാണ് ധോണി മറികടന്നത്.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 171 ഇന്നിംഗ്സുകൾ കളിച്ച സുരേഷ് റെയ്ന 4,687 റൺസ് നേടിയിട്ടുണ്ട്. 204 ഇന്നിംഗ്സുകളിൽ നിന്നായി 4,699 റൺസാണ് മഹേന്ദ്ര സിങ് ധോണിയുടെ സമ്പാദ്യം. ഇന്നലെ നടന്ന മത്സരത്തിൽ 16 പന്തിൽ നിന്ന് 30 റൺസുമായി ധോണി തന്റെ മികവ് പുലർത്തിയെങ്കിലും മത്സര ഫലം നിരാശയായിരുന്നു.