IPL 2025: എന്റെ പൊന്ന് ഹാർദിക് ഭായ് ഞാൻ ക്ഷമ പറഞ്ഞിട്ടും അവൻ വെറുതെ..., അടി കിട്ടിയതാണ് പിന്നാലെ കട്ടകലിപ്പിൽ ജസ്പ്രീത് ബുംറ; കരുൺ നായരുമായി ഏറ്റുമുട്ടി സൂപ്പർതാരം; വീഡിയോ കാണാം

ഇന്നലെ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ ജസ്പ്രീത് ബുംറയും കരുണ് നായരും തമ്മിൽ ചൂടേറിയ വാഗ്വാദമുണ്ടായി. ഇരുത്തരങ്ങളും തമ്മിൽ തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ആറാം ഓവറിൽ, ജസ്പ്രീത് ബുംറയുടെ ഓവറിൽ രണ്ട് സിക്സറുകളും ഒരു ഫോറും കരുൺ നായർ പറത്തി. അവസാന പന്തിൽ കരുൺ നായർ രണ്ടാം റണ്ണിനായി ഓടിയപ്പോൾ, താരം ബുംറയുമായി കൂട്ടിയിടിച്ചു, ഉടൻ തന്നെ താൻ ചെയ്ത തെറ്റിന് ക്ഷമാപണം നടത്തി. എന്നിരുന്നാലും, സംഭവം ചൂടേറിയ വാഗ്വാദത്തിലേക്കാണ് പിന്നെ പോയത്.

ടൈം ഔട്ട് സമയത്ത് താരങ്ങൾ എല്ലാം തന്ത്രങ്ങൾ ആലോചിക്കുമ്പോൾ ആണ് ബുംറ എത്തി കരുണിനെ വീണ്ടും മോശം പദങ്ങൾ കൊണ്ട് നേരിട്ടത്. ഇതിൽ വളരെയധികം അസ്വസ്ഥനായ കരുൺ ഇത് സംബന്ധിച്ച് തന്റെ ഭാഗം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയയോട് പറയുന്നതും ഹാർദിക് താരത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.

അതേസമയം 2022 ന് ശേഷം തന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം കളിച്ച കരുൺ 40 പന്തിൽ 89 റൺ നേടി മുംബൈ ബോളർമാർക്ക് എല്ലാം വയറുനിറയെ കൊടുത്തെന്ന് പറയാം . ആക്രമണ രീതിയിൽ ബാറ്റ് ചെയ്യുന്ന, ക്ലാസും മാസമായി കളിക്കുന്ന താരം ഇന്ത്യക്കായി ആറ് ടെസ്റ്റുകളിൽ നിന്നായി 62 ശരാശരിയിൽ 374 റൺസാണ് ആകെ നേടിയത് . 2016 ഡിസംബറിൽ ചെന്നൈയിൽ ​ഇംഗ്ലണ്ടിനെതിരെ 303റൺസ് നേടിയതാണ് കരുൺ നായരുടെ ശ്രദ്ധേയ നേട്ടം. വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായിരുന്ന കരുൺ. എന്നാൽ 2017ന് ശേഷം ഇന്ത്യൻ ടീമിൽ കരുൺ നായർക്ക് ഒരിക്കൽ പോലും ഇടം ലഭിച്ചില്ല. മോശം ഫോമാണ് ടീമിൽ നിന്ന് താരത്തെ പുറത്താക്കാനുള്ള കാരണമായി സെലക്ടർമാർ പറഞ്ഞത്.

എന്തായാലും ക്രിക്കറ്റിനെ ഒരുപാട് സ്നേഹിച്ച കരുൺ നായർക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശമില്ലായിരുന്നു. എത്ര മികച്ച ഫോമിൽ കളിച്ചാലും തന്നെ ടീമിൽ എടുക്കാത്ത സെലെക്ടര്മാരോട് അദ്ദേഹം 2022 ൽ ‘Dear cricket, give me one more chance’ എന്ന ട്വീറ്റ് എഴുതി ​വാർത്തകളിൽ നിറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ വിദര്ഭയുടെ സമീപകാല നേട്ടങ്ങൾക്ക് എല്ലാം കാരണമായ കരുൺ സെഞ്ചുറികളുടെ തമ്പുരാൻ എന്നാണ് വിജയ് ഹസേരയിൽ അറിയപ്പെട്ടത്. എന്തായാലും ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമായ കരുൺ എന്തായാലും തന്റെ ഭാഗം ഇന്നലെ നന്നായി ചെയ്തു.

അതേസമയം മത്സരത്തിലേക്ക് വന്നാൽ ഐപിഎല്ലിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയം സ്വന്തമാക്കി. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. ജയം ഉറപ്പിച്ച സ്ഥലത്ത് നിന്ന് ഡൽഹി അനാവശ്യ അബദ്ധങ്ങൾ കാണിച്ച് തോൽവി വഴങ്ങുക ആയിരുന്നു.