ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറിൻറെ 18-ാം പതിപ്പിൽ രണ്ടും കല്പിച്ച് ഇറങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ഇത്തവണയും ടീമിനെ മുൻപിൽ നിന്ന് നയിക്കുന്നത് മലയാളി താരമായ സഞ്ജു സാംസണാണ്. സഞ്ജുവിന്റെ കീഴിൽ 2 തവണയാണ് ടീം പ്ലെ ഓഫിലേക്ക് കടന്നിട്ടുള്ളത്. ഈ സീസണിൽ രാജസ്ഥാൻ കപ്പ് ജേതാക്കളാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
സഞ്ജു സാംസന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ഭാവിയിൽ സഞ്ജു ഇന്ത്യൻ ടീമിനെ നയിക്കാനുള്ള കെല്പുള്ള താരമാണെന്നാണ് അദ്ദേഹം പറയുന്നത്.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പറയുന്നത് ഇങ്ങനെ:
” വളരെ മികച്ച ക്യാപ്റ്റന്‍ തന്നെയാണ് സഞ്ജു സാംസണ്‍. ഏതെങ്കിലുമൊരു സമയത്തു ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. കാരണം ക്യാപ്റ്റനെന്ന നിലയില്‍ വളരെ കൂളായി നിന്നു കൊണ്ട് വളരെ നല്ല രീതിയിലാണ് സഞ്ജു ഈ റോള്‍ കൈകാര്യം ചെയ്യുന്നത്. സ്വന്തം ടീമംഗങ്ങളെ മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിക്കുന്നു” ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പറഞ്ഞു.
ഐപിഎലിലെ ആദ്യ മത്സരം മാർച്ച് 22 മുതലാണ് ആരംഭിക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.