IPL 2025: 'എന്തൊക്കെയാ ഇവിടെ നടക്കുന്നേ', ശ്രേയസ് അയ്യരിന്റെ സംഹാരതാണ്ഡവം; ഒറ്റ മത്സരത്തിൽ പിറന്നത് 403 റൺസ്; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെൻറിൻറെ 18-ാം പതിപ്പിൽ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമാക്കി ഇറകുകയാണ് പഞ്ചാബ് കിങ്‌സ്. ഇത്തവണ നായകനായി മുൻപിൽ നിന്ന് നയിക്കുന്നത് ശ്രേയസ് അയ്യരാണ്. കഴിഞ്ഞ വർഷം കൊൽക്കത്തയ്ക്ക് കപ്പ് നേടി കൊടുത്തപോലെ പഞ്ചാബ് കിങ്‌സിനും കിരീടം നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഐപിഎലിനു മുന്നോടിയായി നടക്കുന്ന പ്രാക്ടീസ് മാച്ചിൽ വെടിക്കെട്ട് പ്രകടനങ്ങളാണ് പഞ്ചാബ് കിങ്‌സ് താരങ്ങൾ കാഴ്‌ച വെക്കുന്നത്. എ, ബി എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞാണ് പരിശീലന മല്‍സരത്തില്‍ പഞ്ചാബ് ടീം ഏറ്റുമുട്ടിയത്. ഇതില്‍ ടീം ബിയെ നയിച്ചത് ശ്രേയസ് അയ്യരായിരുന്നു. രണ്ട് ടീമുകളും കൂടി 40 ഓവറിൽ അടിച്ച് കൂട്ടിയത് 403 റൺസായിരുന്നു. 41 പന്തുകളിൽ 85 റൺസ് നേടി മുൻപിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെയായിരുന്നു.

20 ഓവറിൽ 205 റൺസാണ് ബി ടീം നേടിയത്. മറുപടി ബാറ്റിംഗിൽ എ ടീമിന് വേണ്ടി പ്രിയാന്‍ഷ് ആര്യയും (72) പ്രഭ്മസിമ്രന്‍ സിങും (66) റൺസും നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു. എന്നാൽ എ ടീമിനെ 198 റൺസിൽ പിടിച്ച് കെട്ടാൻ ശ്രേയസ് അയ്യരിന് സാധിച്ചു.

ബാറ്റിംഗിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളുടെ കാര്യത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും ബോളിങ് യൂണിറ്റിൽ അവർ നിരാശരാണ്. ഐപിഎലിലെ ആദ്യ മത്സരം മാർച്ച് 22 മുതലാണ് ആരംഭിക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.