'ഒരു സ്പിന്നര്‍ അത് ചെയ്യുന്നത് കുറ്റകരമാണ്'; തുറന്നടിച്ച് ഷക്കീബ് അല്‍ ഹസന്‍

ദുബായില്‍ ശ്രീലങ്കയ്ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ സമ്മര്‍ദം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന് വലിയ വിലയാണ് നല്‍കേണ്ടിവന്നതെന്ന് ബംഗ്ലാദേശ് ടി20 ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ശ്രീലങ്കയ്‌ക്കെതിരെ അവസാന ഓവറില്‍ ത്രില്ലറിര്‍ തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

എട്ട് വൈഡുകളും നാല് നോബോളുകളും എറിഞ്ഞ് ബംഗ്ലാദേശ് അവരുടെ ലക്ഷ്യത്തെ തട്ടിയകറ്റി. ഇപ്പോഴിതാ സ്പിന്നര്‍ പോലും മത്സരത്തില്‍ നോബോള്‍ എറിഞ്ഞതിനെ വിമര്‍ശിച്ചിരിക്കുകയാണ് നായകന്‍ ഷക്കീബ്. ഒരു സ്പിന്നര്‍ നോ ബോള്‍ ബൗള്‍ ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഷക്കീബ് പറയുന്നത്.

‘ഒരു ക്യാപ്റ്റനും നോ ബോള്‍ ആഗ്രഹിക്കുന്നില്ല, ഒരു സ്പിന്നര്‍ നോ ബോള്‍ ബൗള്‍ ചെയ്യുന്നത് കുറ്റകരമാണ്. ഞങ്ങള്‍ ധാരാളം നോ ബോളുകളും വൈഡ് ബോളുകളും എറിഞ്ഞു,. അത് അച്ചടക്കത്തോടെയുള്ള ബൗളിംഗ് അല്ല. ഇത് സമ്മര്‍ദ്ദ ഗെയിമുകളാണ്, ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.’ ഷക്കിബ് പറഞ്ഞു.

അവസാന രണ്ട് ഓവറില്‍ 25 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ലങ്കന്‍ താരങ്ങള്‍ക്ക് ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിഞ്ഞതിനൊപ്പം ബംഗ്ലാ ബൗളര്‍മാര്‍ എക്സ്ട്രാസും വഴങ്ങിയതോടെ ജയം ലങ്ക കൈക്കാലാക്കുകയായിരുന്നു.