ആഭ്യന്തര ക്രിക്കറ്റില് കരുൺ നായർ തിളക്കമാർന്ന ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം, രഞ്ജി ട്രോഫിയിലും, ഏറ്റവും പ്രധാനമായി ടൂർണമെന്റിന്റെ ഫൈനലിലും അദ്ദേഹം തന്റെ മാന്ത്രിക പ്രകടനം തുടരുകയാണ്. രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കായി കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ 86 റൺസ് നേടി ടീമിനെ രക്ഷപ്പെടുത്തിയ ശേഷം, രണ്ടാം ഇന്നിംഗ്സിൽ സീസണിലെ തന്റെ മൂന്നാമത്തെ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയിരിക്കുകയാണ് കരുൺ.
ആദ്യ ഇന്നിംഗ്സിൽ വിദർഭയ്ക്ക് 37 റൺസിന്റെ നേരിയ ലീഡ് നേടാൻ കഴിഞ്ഞപ്പോൾ, രണ്ടാം ഇന്നിംഗ്സിൽ 7/2 എന്ന നിലയിൽ ടീം അൽപ്പം ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ കരുൺ നായർ അവിടെ നിന്ന് കാര്യങ്ങൾ തിരികെ കൊണ്ടുവന്നു. 184 പന്തിൽ 7 ഫോറും രണ്ട് സിക്സറും ഉൾപ്പെടെ അദ്ദേഹം ഒരു കമാൻഡിംഗ് സെഞ്ചുറി നേടി. ഈ വർഷത്തെ തന്റെ 9 മത്സരങ്ങളിൽ താരം ഇതുവരെ 54 ന് മുകളിൽ ശരാശരിയിൽ 821 റൺസ് നേടിയിട്ടുണ്ട്.
ഈ പ്രകടനത്തിനിടയിലും താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ ഇതുവരെ തുറന്നിട്ടില്ല. ജൂണിൽ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലേക്ക് താരത്തിന് വിളിയെത്തുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യം അറിയാൻ ആരാധകരും ഏറെ തല്പരരാണ്. ഇനിയും താരത്തെ പരിഗണികരിക്കാതിരിക്കാൻ എന്ത് കാരണമാകും ബിസിസിഐ കണ്ടെത്തുക. അത് എന്ത് തന്നെയായാലും ക്രിക്കറ്റ് പ്രേമികളുടെ വായടപ്പിച്ചേക്കില്ല.