സനല്‍ കുമാര്‍ പത്മനാഭന്‍
വന്യജീവികളും കൊള്ളക്കാരും ഉള്ള കാട് ഇരുട്ടും മുന്‍പേ കടന്നു സുരക്ഷിതസ്ഥാനത്തു എത്താനായി ആരോടും സംസാരിക്കാതെ ഒന്നിലും ശ്രദ്ധിക്കാതെ പരമാവധി വേഗതയില്‍ പൊയ്‌ക്കൊണ്ടിരുന്ന കച്ചവടക്കാരെ ഓര്മപെടുത്തികൊണ്ടു കൊല്‍ക്കട്ട കുതിരസവാരിക്കാര്‍ മുംബൈക്കെതിരെ ആദ്യ ഓവറുകളില്‍ കത്തിക്കയറുകയാണ്.
അവര്‍ക്കു കളിയുടെ അവസാന ഓവറുകളില്‍ തങ്ങളുടെ മുന്നില്‍ വന്നു പെടാന്‍ സാധ്യതയുള്ള ഒരപകടത്തിനു മുന്നേ മികച്ച സ്‌കോറിലെത്തണമായിരുന്നു. റസ്സലും, റാണയും കടിഞ്ഞാണ്‍ കയ്യാളുന്നത് കൊണ്ട് തന്നെ കൊല്‍ക്കത്തയുടെ കാട്ടുകുതിരകള്‍ മുംബൈയുടെ നാട്ടുവഴികളിലൂടെ പൊടി പറത്തി പായുകയാണ്. സ്‌കോര്‍ 11 ഓവറില്‍ 100 ലേക്കും 14 ഓവറില്‍ 136 ലേക്കും കുതിച്ചു കയറുകയാണ്.
അകലെ അവ്യക്ത്യമായി കാണുന്ന 200 എന്ന് രേഖപ്പെടുത്തിയ ആ വളവു കൂടി കടന്നു കിട്ടിയാല്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അവര്‍ കരുതിയിരിക്കാം.! എന്നാല്‍ കുതിച്ചു പാഞ്ഞു കൊണ്ടിരുന്ന കൊല്‍ക്കത്തയുടെ കറുത്ത കുതിരകള്‍ എന്തോ കണ്ടു ഭയന്നിട്ടെന്ന വണ്ണം പൊടുന്നനെ നില്‍ക്കുകയാണ്. ഭയപ്പെടുത്തുന്ന മുരള്‍ച്ച കേട്ടു പതിയെ ശബ്ദ്ദം കേട്ട ഭാഗത്തേക്ക് കണ്ണുകള്‍ അയച്ച റസ്സലിന്റെ ദൃഷ്ടിയില്‍, തീ ചിതറുന്ന കണ്ണുകളും രക്തം മണക്കുന്ന പല്ലുകളുമായി നീല വരകളുള്ള ഒരു കടുവ വന്നു പെടുകയാണ്.
കൊല്‍ക്കത്തക്കാര്‍ പ്രതീക്ഷിച്ച അപകടം അവര്‍ക്കു മുന്നില്‍ പൂര്‍ണപ്രഭാവത്തില്‍ നില്‍ക്കുകയാണ്. ജസ്പ്രീത് ബുംറ എന്ന നീല വരയന്‍ കടുവക്കു മുന്നില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ പകച്ചു നില്‍ക്കുന്ന കൊല്‍ക്കട്ട കുതിരസവാരിക്കാര്‍! രൗദ്രഭാവം പൂണ്ട ആ കാട്ടുകടുവ വര്‍ദ്ധിതവീര്യത്തോടെ കൊല്കത്തകരുടെ മേല്‍ ചാടി വീണതോടെ കൊല്‍ക്കത്തയുടെ അഞ്ചു വീരപുത്രന്മാര്‍ക്കു അകാലത്തില്‍ മരണത്തെ പുല്കാനായിരുന്നു വിധി. 4 -1-10-5, 200 നു അപ്പുറം കടന്നാല്‍ സുരക്ഷിതമെന്ന് കരുതിയ കൊല്‍ക്കത്തക്ക് അതിനടുത്തു വച്ചു കുഴഞ്ഞു വീഴാനും.
പ്രിയ ബുംറ, ഇഷാന്റെയും രോഹിതിന്റെയും ഫോമില്ലായ്മയെക്കാള്‍ … പൊള്ളാര്‍ഡ് നിഴല്‍ മാത്രമായിപോയതിന്റെ ശോകത്തെക്കാള്‍ ഞങ്ങളെ അലട്ടിയിരുന്നത് നിങ്ങളുടെ ഈ മൂര്‍ച നഷ്ടപെട്ട ആക്രമണമായിരുന്നു. ഇന്ന് ആ പഴയ ബുംറ ആയി നിങ്ങളിങ്ങനെ ഗ്രൗണ്ടില്‍ തീ തുപ്പുന്നത് കണ്ടപ്പോള്‍ മനസിന് എന്ത് സന്തോഷമാണെന്നോ.
കാത്തിരിപ്പ് അടുത്ത സീസണിന് വേണ്ടി ആണ്. നിങ്ങളും അര്‍ച്ചറും കൂടി പങ്കിട്ടെടുക്കുന്ന വിക്കറ്റുകള്‍ കാണുവാന്‍..
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍