ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കീപ്പറായി രാഹുല്‍ വേണ്ട; പകരം ആളെ നിര്‍ദ്ദേശിച്ച് സാബ കരീം

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റുകൊണ്ടുള്ള ശരാശരി പ്രകടനത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ കെഎസ് ഭരതിന്റെ ഭാവി ഇപ്പോള്‍ തുലാസിലാണ്. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറും സ്റ്റമ്പിന് പിന്നിലെ താരത്തിന്റെ വീഴ്ച്ച എടുത്ത് പരാമര്‍ശിച്ചിരുന്നു. അതിനാല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് മുന്നോടിയായി ഇഷാന്‍ കിഷനും കെഎല്‍ രാഹുലും പോലുള്ള കളിക്കാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഭരതിന്‍റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് എന്ത് തീരുമാനം എടുക്കുമെന്നത് ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടില്‍ രാഹുലിന്റെ ബാറ്റിംഗ് റെക്കോര്‍ഡ് മികച്ചതാണ്. അതിനാല്‍, ഭരതിന് പകരക്കാരനായി അദ്ദേഹം പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുവന്നേക്കാം. എന്നിരുന്നാലും, കീപ്പിംഗിന്റെ കാര്യം വരുമ്പോള്‍, റെഡ്-ബോള്‍ ക്രിക്കറ്റില്‍ രാഹുല്‍ ഇതുവരെ കഴിവ് തെളിയിച്ചിട്ടില്ല. ഇതേക്കുറിച്ച് സംസാരിച്ച മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സബ കരീം പറയുന്നത്, സമീപകാലത്ത് യുവതാരങ്ങളെ ടീം ഇന്ത്യ പരിഗണിക്കുന്നത് കണക്കിലെടുത്താല്‍ ഭരതിനെ ടീം മാനേജ്മെന്റ് മുന്നോട്ടും വിശ്വസിച്ചേക്കുമെന്നാണ്.

ആരാണ് ഫൈനലില്‍ കളിക്കുക എന്ന തീരുമാനം ടീം മാനേജ്മെന്റിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യന്‍ ടീം മാനേജ്മെന്റ് യുവതാരങ്ങളോട് സ്വീകരിക്കുന്ന സമീപന രീതിയില്‍ എനിക്ക് തോന്നുന്നു, അവര്‍ അവര്‍ക്ക് വളരെയധികം സുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവര്‍ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷം അവര്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ അവര്‍ അത്ര കര്‍ക്കശക്കാരല്ല. അവര്‍ താരങ്ങള്‍ക്ക് പയറ്റിത്തെളിയാന്‍ അവസരങ്ങള്‍ കൊടുക്കുകയാണ്- സാബ കരീം പറഞ്ഞു.

Read more

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഭരത് മികച്ച പ്രകടനമാണ് നടത്തിയതെന്ന് കരീം വിലയിരുത്തി. സ്റ്റമ്പിന് പിന്നില്‍ അദ്ദേഹം ചില പിഴവുകള്‍ വരുത്തിയെങ്കിലും, ഇത് ഇന്ത്യയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയും കരിയറിലെ ഒരു ചവിട്ടുപടിയുമാണ്. ബാറ്റിംഗിലും സ്വാധീനം ചെലുത്തി, ഭരത് മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഫൈനലില്‍ അവസരം നല്‍കുന്നതില്‍ തെറ്റില്ലെന്നും സാബ കരീം പറഞ്ഞു.