ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-ൽ സൂര്യകുമാർ യാദവ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആകണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ. സ്‌പോർട്‌സ്‌കീഡ പറയുന്നത് പ്രകാരം, നിലവിലെ ചാമ്പ്യൻമാർ ടീം ഇന്ത്യയുടെ ടി20 ഐ നായകന് അനൗദ്യോഗിക ഓഫർ നൽകിയിട്ടുണ്ട്. 2024-ൽ തങ്ങളുടെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരുമായി കെകെആർ വേർപിരിയാൻ സാധ്യതയുണ്ടെന്ന് ഇത് പ്രകാരം മനസിലാക്കാം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടി 20 യിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സൂര്യകുമാർ. ഇന്ത്യൻ മാനേജ്‌മെൻ്റ് അദ്ദേഹത്തിന് ഏറ്റവും ചെറിയ ഫോർമാറ്റിൽ ക്യാപ്റ്റൻ്റെ ആംബാൻഡ് നൽകുകയും ചെയ്തിരുന്നു.
മുംബൈ ഇന്ത്യൻസിലേക്ക് വരുന്നതിന് മുമ്പ് യാദവ് കൊൽക്കത്ത ടീമിന്റെ ഭാഗമായി വര്ഷങ്ങളോളം കളിച്ചിരുന്നു. എന്നാൽ ആ കാലത്ത് നൈറ്റ് റൈഡേഴ്സിന് സൂര്യയുടെ കഴിവ് പൂർണ്ണമായി ഉപയോഗിക്കാനായില്ല. എന്നാൽ മുംബൈയിൽ എത്തിയ ശേഷം സൂര്യകുമാറിന്റെ വേറെ ഒരു ലെവൽ വേർഷൻ ആണ് കണ്ടത്.
മുംബൈക്കായി ഈ കാലയളവിൽ എല്ലാം ഏറ്റവും മികച്ച രീതിയിൽ പ്രകടനം നടത്തി തിളങ്ങിയ ആളാണ് സൂര്യകുമാർ. രോഹിത് ശർമ്മയ്ക്ക് പകരം മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം. എന്നിട്ടും, ഐപിഎൽ 2024-ൻ്റെ ചുമതല ഹാർദിക് പാണ്ഡ്യയെ ഏൽപ്പിക്കാൻ ഉടമകളും മാനേജ്‌മെൻ്റും തീരുമാനിച്ചു.
മെഗാ ലേലത്തിന് മുമ്പ് രോഹിതും സൂര്യകുമാറും മുംബൈ വിടാനാണ് സാധ്യത എന്നും മനസിലാക്കാം. 150 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 32.38 ശരാശരിയിലും 145.33 സ്‌ട്രൈക്ക് റേറ്റിലും 3594 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. 2 സെഞ്ച്വറികളും 24 അർധസെഞ്ചുറികളും 385 ബൗണ്ടറികളും 130 സിക്‌സറുകളും ഈ വലംകൈയ്യൻ ബാറ്റർ തൻ്റെ കരിയറിൽ നേടിയിട്ടുണ്ട്.