ഏറ്റവും മികച്ച പന്തിനെ വരെ സെറ്റ് സ്‌ക്രീനിനു മുകളിലൂടെ പറത്തി വിട്ടു അവരെ പിച്ചിച്ചീന്തി രസിച്ചിരുന്ന നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു മനുഷ്യാ..

സനല്‍ കുമാര്‍ പത്മനാഭന്‍

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരിക്കലൊരു ഇന്ത്യ ഉണ്ടായിരുന്നു.. എതിരാളികളുടെ ആക്രമണത്തിന് മുന്‍പില് , തന്റെ മുന്‍നിര അതി ദാരുണമായി തകരുന്നത് കണ്ടിട്ടും.. മധ്യനിരയില്‍ ഇറങ്ങാനായി പാഡും കെട്ടിയിരിക്കുന്ന ആരുടെ മുന്നിലും തല കുനിച്ചു ശീലമില്ലാത്ത ആണൊരുത്തനെ കണ്ടു ഒട്ടും കൂസലില്ലാതെ അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ നിന്നിരുന്ന ഇന്ത്യ.

മത്സരം പാതി വഴി മാത്രം പിന്നിടുമ്പോള്‍ മുന്‍നിരക്കാരെല്ലാം പവലിയനില്‍ തിരിച്ചെത്തിയ എത്രയോ മത്സരങ്ങളില്‍ ആ നട്ടെല്ലിന്റെ കരുത്തില്‍ ‘അവള്‍ ‘വീഴാതെ പിടിച്ചു നിന്നിരിക്കുന്നു. അയാള്‍ ഒറ്റയൊരുത്തന്‍ ക്രീസില്‍ ഉള്ളത് കൊണ്ടു മാത്രം ‘അവളെ ‘തേടി തിരികെ വന്ന എത്രയെത്ര വിജയങ്ങള്‍. യുവി.. ഇന്ത്യന്‍ മധ്യ നിരയില്‍ നിങ്ങളുണ്ടായിരുന്നപ്പോള്‍ വല്ലാത്തൊരു ധൈര്യം ആയിരുന്നു ഭായ്.. എന്ത് വന്നാലും നിങ്ങള്‍ നോക്കിക്കോളും എന്നൊരു വിശ്വാസം ആയിരുന്നു.

പക്ഷെ ഇന്ന്.. അമാനുഷീകന്‍ കോഹ്ലിയും അത്ഭുത മനുഷ്യന്‍ സൂര്യയും പരാജയപെട്ടാല്‍ ഞങ്ങളെങ്ങനെ ആ പരാജയത്തിന് പടുകുഴിയില്‍ നിന്നും പുറത്തു വരും എന്നോര്‍ത്തു ഇന്ന് ഭയമാണ് യുവി.. കാരണം ഇന്ന് നിങ്ങളില്ലാലോ കൂടെ.. പ്രായം 40 കഴിഞ്ഞിട്ടുണ്ടാകും.  അവസാനമായി രാജ്യാന്തര ട്വന്റി ട്വന്റി മത്സരം കളിച്ചിട്ട് 5 വര്‍ഷങ്ങള്‍ ആയിട്ടുണ്ടാവും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിനോടും വിട പറഞ്ഞിട്ട് മൂന്നു വര്‍ഷങ്ങള്‍ക്കു മുകളില്‍ ആയിട്ടുണ്ടാകും.. എന്നാലും ഈ നാല്പതാം വയസിലും ഇന്ത്യന്‍ മിഡില്‍ ഓര്‍ഡറില്‍ നിങ്ങളുടെ പേര് കാണുന്നതിനേക്കാള്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കുന്ന വേറെ കാഴ്ചയില്ല ഭായ്..

പെയ്‌സും സ്വിങ്ങും കൊണ്ടു വെല്ലുവിളിക്കുന്ന ഫാസ്റ്റ് ബൗളര്‍മാരുടെ വെല്ലുവിളി ചങ്കൂറ്റത്തോടെ ഏറ്റെടുത്തു അവന്മാരുടെ ഏറ്റവും മികച്ച പന്തിനെ വരെ സെറ്റ് സ്‌ക്രീനിനു മുകളിലൂടെ പറത്തി വിട്ടു അവരെ പിച്ചിച്ചീന്തി രസിച്ചിരുന്ന നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു മനുഷ്യ..

സ്‌കോര്‍ ബോര്‍ഡുകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അവ തങ്ങളുടെ സ്വപ്നകാമുകനായ നിങ്ങളെയോര്‍ത്തു ഇങ്ങനെ പാടുമായിരുന്നായിരിക്കണം..
‘മല്ലിപ്പൂ വച്ച് വച്ച് വാടുതെ
അന്ത വെള്ളിനില വന്ദു വന്ദു തേടുതെ
മച്ചാന്‍ എപ്പോ വര പോരാ
പത്ത് തല പാമ്പ വന്തു
മുത്തം തര പോരാ
ദിനം സൊപനത്തില്‍ മറ്റും താന്‍
ഉന്ന നാന്‍ സന്ധിച്ചെന്‍ ‘

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് ഫാന്‍സ്