നാസയിലെ ശാസ്ത്രജ്ഞന്മാർ റൊണാൾഡോയുടെ ഡയറ്റ് പ്ലാൻ ചെയ്യുന്നു, റമീസ് രാജയെ കുത്തി വസിം അക്രം; ടീമിന്റെ അധഃപതനത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ പരാജയത്തെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് കടുത്ത വിമർശനം കേൾക്കുന്ന സമയമാണ് ഇപ്പോൾ കടന്നു പോകുന്നത്. 2025 ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയരെന്ന നിലയിൽ, മൂന്ന് മത്സരങ്ങളിൽ ഒരു ജയം പോലും നേടാതെ ഗ്രൂപ്പ് ഘട്ടത്തിൽ ടീം പുറത്തായിരുന്നു. നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ അവസാന സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. നിരാശാജനകമായ പ്രകടനത്തിന് ഒടുവിൽ- ഒന്നിലധികം കളിക്കാരെ ഒഴിവാക്കുക, പരിശീലകനെ മാറ്റുക, പുതിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനെ നിയമിക്കുക എന്നിവയുൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും നിർദേശിക്കുന്നത്.

മുൻ പേസർ വസീം അക്രം പാകിസ്ഥാൻ്റെ ഏറ്റവും പുതിയ തിരിച്ചടിക്ക് ശേഷം കടുത്ത വാക്കിലാണ് ടീമിനെ വിമർശിച്ചത് “ഒരു പ്ലേറ്റ് നിറയെ വാഴപ്പഴം ഇന്ത്യക്ക് എതിരായ മത്സരത്തിനിടെ കഴിക്കുന്ന താരങ്ങളെ നമ്മൾ കണ്ടു. കുരങ്ങുകൾ പോലും ഇത്രയധികം തിന്നില്ല! ഇമ്രാൻ ഖാൻ ഞങ്ങളു ടെ ക്യാപ്റ്റനായിരുന്നെങ്കിൽ ഇങ്ങനെ അതിൻ്റെ പേരിൽ അദ്ദേഹം ഞങ്ങളെ തല്ലുമായിരുന്നു ”അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജയുടെ മുൻകാല അഭിപ്രായത്തെ കളിയാക്കി, അജയ് ജഡേജയ്ക്കും വഖാർ യൂനിസിനും ഒപ്പം ഒരു ചാറ്റ് ഷോയിൽ സംസാരിക്കുമ്പോൾ അക്രം ഇങ്ങനെ പറഞ്ഞു. “ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡയറ്റ് പ്ലാൻ ചെയ്യുന്നത് നാസയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ അല്ലെ, ഞാൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസിലായല്ലോ.” അക്രം റമീസ് രാജയെ കളിയാക്കി പറഞ്ഞു.

എന്തായാലും 2026 ടി 20 ലോകകപ്പ് സമയത്ത് പാകിസ്ഥാൻ ടീം സെറ്റ് ആകണം എന്നും അതിനായി വേണ്ടതെല്ലാം ചെയ്യണം എന്നും അക്രം ഉപദേശമായി പറഞ്ഞു.