ട്വന്റി20 ലോക കപ്പില്‍ എതിരാളിയുടെ പെരുമ വകവെയ്ക്കാതെ പന്തെറിഞ്ഞ നമീബിയ ന്യൂസിലന്‍ഡിനെ ആദ്യ പതിനഞ്ച് ഓവറില്‍ കടിഞ്ഞാണിട്ടു നിര്‍ത്തി. എന്നാല്‍ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ കിവികള്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ന്യൂസിലന്‍ഡ് 4 വിക്കറ്റിന് 163 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
ന്യൂസിലന്‍ഡ് മുന്‍നിരയെ അധികം ആക്രമണത്തിന് അനുവദിക്കാതെ മികച്ച പന്തേറാണ് നമീബിയ ആദ്യ 14 ഓവറില്‍ പുറത്തെടുത്തത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (18), ഡാരല്‍ മിച്ചല്‍ (19), നായകന്‍ കെയ്ന്‍ വില്യംസണ്‍ (28), ഡെവോന്‍ കോണ്‍വേ (17) എന്നിവരെ ഡ്രസിംഗ് റൂമിലെത്തിക്കാനും നമീബിയയ്ക്കു സാധിച്ചു. എന്നാല്‍ ഗ്ലെന്‍ ഫിലിപ്‌സും (21 പന്തില്‍ 39, ഒരു ഫോര്‍, മൂന്ന് സിക്‌സ്), ജയിംസ് നീഷവും (23 പന്തില്‍ 35, ഒരു ബൗണ്ടറി, രണ്ട് സിക്‌സ്) തൊടുത്ത വമ്പനടികള്‍ ന്യൂസിലന്‍ഡ് സ്‌കോറിന് അപ്രതീക്ഷിത കുതിപ്പേകി.
Read more
അവസാന നാല് ഓവറില്‍ 67 റണ്‍സാണ് കിവി സഖ്യം അടിച്ചുകൂട്ടിയത്. ഡേവിഡ് വെയ്‌സും ജെ.ജെ. സ്മിത്തും ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റനുമാണ് നമീബിയന്‍ ബോളര്‍മാരില്‍ ഏറെ റണ്‍സ് വഴങ്ങിയത്. ബെര്‍ണാഡ് സ്‌കോള്‍സ്‌നും ജെറാഡ് എറാസ്മസിനും വെയ്‌സിനും ഓരോ വിക്കറ്റ് വീതം സ്വന്തമായി.