'ഇന്ത്യയെ ഭയമില്ല, ആക്രമണാത്മക ക്രിക്കറ്റ് പുറത്തെടുക്കും'; മുന്നറിയിപ്പ് നല്‍കി ടോം ലാഥം

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ നായകന്‍ ടോം ലാഥത്തിന് കീഴില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിന് ഒരു പുതിയ സമീപനം നല്‍കാനും തിരിച്ചുവരാനും നോക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി ടോം ലാഥം തന്റെ കളിക്കാരില്‍നിന്നും നിര്‍ഭയവും ആക്രമണാത്മകവുമായ സമീപനം ആവശ്യപ്പെട്ടു.

36 മത്സരങ്ങളില്‍നിന്ന് രണ്ട് വിജയങ്ങള്‍ മാത്രമുള്ള ന്യൂസിലന്‍ഡിന്റെ ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റ് റെക്കോര്‍ഡ് ചരിത്രപരമായി മോശമാണ്. ശ്രീലങ്കയില്‍ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കിവീസ് 0-2ന് അടിയറവ് വെച്ചിരുന്നു. മറുവശത്ത് ഇന്ത്യ അടുത്തൊന്നും നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല.

എന്റെ കാഴ്ചപ്പാടില്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്ന അതേ കാര്യം തുടര്‍ന്നും ചെയ്യണമെന്നാണ് പറയാനുള്ളത്. ഇന്ത്യയില്‍ കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇത്തവണ അല്‍പ്പം കൂടി സ്വാതന്ത്ര്യത്തോടെയാണ് കളിക്കാന്‍ പോകുന്നത്. ഭയമില്ലാതെ ഇന്ത്യയെ നേരിടാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഇന്ത്യയില്‍ ഇതിന് മുമ്പ് കളിച്ച് മികവ് കാട്ടിയ ടീമുകളെല്ലാം ആക്രമണോത്സക ക്രിക്കറ്റാണ് നടത്തിയിട്ടുള്ളത്. വ്യക്തമായ പദ്ധതികളോടെ ആക്രമണോത്സക ക്രിക്കറ്റ് കളിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്- ടോം ലാഥം പറഞ്ഞു.

Read more