ഇംഗ്ലണ്ടിനെ അടിച്ചുതകർത്ത് ന്യൂസിലൻഡ്, കളിയുടെ എല്ലാ മേഖലയിലും ആധിപത്യം നേടി തകർപ്പൻ വിജയം; എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കിവീസ്

ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടരുക ആയിരുന്ന കിവീസ് യാതൊരു ബുദ്ധിമുട്ടും കൂടാതെ വിജയത്തിൽ എത്തിയെന്ന് പറയാം. തകർപ്പൻ സെഞ്ചുറികൾ നേടിയ ഡെവൻ കോൺവേയുടെയും രചിൻ രവീന്ദ്രയുടെയും മികവിലാണ് ടീം വിജയം നേടിയത്. കോൺവേ 121 പന്തിൽ 152 റൺ നേടിയപ്പോൾ രചിൻ 96 പന്തിലാണ് 123 റൺ നേടിയത്

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ (77) ഇന്നിംഗ്‌സാണ് തുണയായത്. എല്ലാ താരങ്ങൾക്കും മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിനെ ചതിച്ചത്. നായകൻ ജോസ് ബട്‌ലർ (43), ഓപ്പണർ ജോണി ബെയർസ്‌റ്റോ (33) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഡേവിഡ് മലാൻ (11) – ബെയർസ്‌റ്റോ സഖ്യം 40 റൺസ് കൂട്ടിചേർത്തു. എന്നാൽ മികച്ച രീതിയിൽ കളിച്ച് വരുക ആയിരുന്ന മലാനെ പുറത്താക്കിയ മാറ്റ് ഹെന്റി കിവീസിനെ രക്ഷിച്ചു. 13-ാം ഓവറിൽ ബെയർസ്‌റ്റോയെ മിച്ചൽ സാന്റ്നർ പുറത്താക്കിയതോടെ കിവീസ് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി . ശേഷം ഹാരി ബ്രൂക്ക് (25) ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും പ്രഹരം ഏറ്റുവാങ്ങിയ രജിൻ രവീന്ദ്ര വിക്കറ്റെടുത്തു.

പല മത്സരങ്ങളിലും ഇംഗ്ലണ്ട് ബാറ്റിംഗിനെ താങ്ങിയ നിർത്തിയ മൊയിൻ അലി 11 പുറത്തായതോടെ ഇംഗ്ലണ്ട് ആകെ തകർന്നു . ഇംഗ്ലണ്ട് ബാറ്റിംഗ് ഡെപ്ത് പിന്നെയും കാണിക്കുന്ന രീതിയിൽ ക്രീസിൽ ഒത്തുചേർന്ന ബട്‌ലർ – റൂട്ട് സഖ്യമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 70 റൺസ് കൂട്ടിചേർത്തു. എന്നാൽ ബട്‌ലറെ ഹെന്റി പുറത്താക്കിയതോടെ വലിയ സ്കോർ എന്ന സ്വപ്നം അവിടെ അവസാനിച്ചു.

വമ്പനടിക്കാരായ ലിയാം ലിവിംഗ്‌സറ്റൺ (20), സാം കറൻ (14), ക്രിസ് വോക്‌സ് (11) എന്നിവർക്ക് തിളങ്ങാനായതുമില്ല. അവസാന വിക്കറ്റിൽ ആദിൽ റഷീദ് (15) – മാർക് വുഡ് (13) സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ അവസാനം രാഖിച്ചത് . മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി, രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചൽ സാന്റ്‌നർ, ഗ്ലെൻ ഫിലിപ്‌സ് എന്നിവരും കിവീസിന് തുണയായി. ട്രെന്റ് ബോൾട്ട്, രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Read more

കിവീസ് മറുപടി തകർച്ചയോടെ ആയിരുന്നു. ഓപ്പണർ വിൽ യങ് റൺ ഒന്നും എടുക്കാതെ പുറത്തായി. സാം കരൻ ആണ് താരത്തെ പുറത്താക്കിയത്. ശേഷം കോൺവെയുടെ കൂടെ ക്രീസിൽ ഒന്നിച്ച രചിൻ രവീന്ദ്ര ക്രീസിൽ ഉറച്ചതോടെ സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിൽ ഇംഗ്ലണ്ടിനെ കിവീസ് ബാറ്ററുമാർ നേരിട്ടപ്പോൾ കളി ഏകപക്ഷിയമായി. ഇംഗ്ലണ്ട് ബോളറുമാർക്ക് ആർക്കും തന്നെ വെല്ലുവിളിക്കുന്ന പ്രകടനം നടത്താൻ പറ്റിയിട്ടില്ല.