ട്വന്റി20 ലോക കപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്ന്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അതിശക്തരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് അവസാന നാലിലെ കന്നപ്പോര്. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിന്റെ വേദി അബുദാബി.
ഗ്രൂപ്പ് വണ്ണിലെ ജേതാക്കളായാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമേ ഇംഗ്ലണ്ട് തോറ്റുള്ളൂ. ന്യൂസിലന്‍ഡ് ഗ്രൂപ്പ് രണ്ടിലെ രണ്ടാമന്‍മാരായാണ് മുന്നേറിയത്. സെമിയിലേക്കുള്ള പ്രയാണത്തില്‍ അവരും ഒരു തോല്‍വി മാത്രമേ വഴങ്ങിയുള്ള, മികച്ച ഫോമിലുള്ള പാകിസ്ഥാനോട്.
ട്വന്റി20 ലോക കപ്പില്‍ ഒരു തവണ ജേതാക്കളായ ടീമാണ് ഇംഗ്ലണ്ട്. 2010ല്‍ അവര്‍ കിരീടം ചൂടി. ഒരു വട്ടം ഇംഗ്ലണ്ട് ഫൈനലില്‍ തോല്‍വി വഴങ്ങി, 2016ല്‍ ഇംഗ്ലണ്ടിനോട്. ന്യൂസിലന്‍ഡ് കന്നി കിരീടം തേടിയുള്ള യാത്രയിലാണ്. ടി20 ലോക കപ്പില്‍ രണ്ടു തവണ ബ്ലാക്ക് ക്യാപ്‌സ് സെമിയില്‍ പരാജയപ്പെട്ടിട്ടുണ്ട്. 2007ല്‍ പാകിസ്ഥാനോടും 2016ല്‍ ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡ് നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനോട് ഏകദിന ലോക കപ്പ് ഫൈനലിലേറ്റ തോല്‍വിക്കു പ്രതികാരം ചെയ്യാനും ന്യൂസിലന്‍ഡ് ഉന്നമിടുന്നു. രണ്ടു പ്രാവശ്യം സെമി കളിച്ച ഇംഗ്ലണ്ട് പരാജയം അറിഞ്ഞിട്ടില്ല. ന്യൂസിലന്‍ഡിന് പുറമെ 2010ല്‍ ശ്രീലങ്കയെയും അവര്‍ സെമിയില്‍ മുട്ടുകുത്തിച്ചിരുന്നു.
കലാശക്കളം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ഓപ്പണര്‍ ജാസണ്‍ റോയിയെയും പേസര്‍ ടൈമല്‍ മില്‍സിനെയും പരിക്കുമൂലം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് ഇംഗ്ലണ്ട്. എങ്കിലും ജോസ് ബട്ട്‌ലറുടെയും മൊയീന്‍ അലിയുടെയും ഫോം ഒയിന്‍ മോര്‍ഗന്റെ ടീമിന് പ്രതീക്ഷ നല്‍കുന്നു. ആദില്‍ റഷീദ്, ക്രിസ് വോക്‌സ് എന്നിവരുടെ പന്തേറിലും ഇംഗ്ലണ്ടിന് കണ്ണുവയ്ക്കാം.
മാര്‍ട്ടിന്‍ ഗപ്റ്റിലും നായകന്‍ കെയ്ന്‍ വില്യംസണും താളം കണ്ടെത്തിയത് ന്യൂസിലന്‍ഡിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ഇഷ് സോധിയുടെ സ്പിന്നും ട്രെന്റ് ബൗള്‍ട്ടിന്റെ പേസും മൂര്‍ച്ച കാട്ടിയാല്‍ കിവികളുടെ ഫൈനല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായേക്കും. ഗ്രൂപ്പ് ഘട്ടത്തിലേതിന് സമാനമായി സെമി ഫൈനലുകളിലും ടോസ് നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.