'ലെവൽ 1' തെറ്റിച്ചു; ബുംറയ്ക്ക് ശാസന, റാണക്ക് പിഴ

ഐപിഎല്‍ 2022ലെ ഏറ്റവും മികച്ച മത്സരത്തിനൊടുവിൽ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയ്ക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണയ്ക്കും എതിരെ അച്ചടക്ക നടപടി. ഐപിഎല്‍ നിയമലംഘനത്തിന്റെ പേരില്‍ ബുംറയ്ക്ക് ശാസന ലഭിച്ചതായി ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. ലെവല്‍ ഒന്ന് കുറ്റമാണ് ബുംറയ്‌ക്കെതിരെ ചുമത്തിയത്. മാച്ച് റഫറിയുടെ നടപടി ബുംറ അംഗീകരിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അച്ചടക്കനിയമത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങൾ അടങ്ങുന്നതാണ് ലെവൽ 1 .എന്നാൽ ലെവൽ 1 ലെ ഏത് കുറ്റമാണ് താരം ചെയ്തത് എന്ന് വ്യക്തമാക്കിയിട്ടില്ല.

ബുംറയെ കൂടാതെ നിതീഷ് റാണയും അച്ചടക്ക നടപടി നേരിട്ടു. ശാസന കൂടാതെ മത്സര ഫീയുടെ 10 ശതമാനം പിഴയും ലഭിച്ചു. ഇരുവരും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ കൂടുതല്‍ നടപടിയുണ്ടായേക്കും. പിഴശിക്ഷയുടെ സങ്കടം മാത്രമല്ല ,ഇരുതാരങ്ങൾക്കും മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചതുമില്ല.
നിതീഷ് റാണ 8 റണ്‍സെടുത്താണ് പുറത്തായപ്പോൾ ബുംറ 3 ഓവറില്‍ 26 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും ലഭിച്ചതുമില്ല.

മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് വെടിക്കെട്ടില്‍ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. 15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ തകർത്തെറിഞ്ഞ് തുടങ്ങിയ താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം കമ്മിന്‍സ് സമ്മാനിക്കുകയായിരുന്നു.