ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ അഞ്ച് ഡക്ക് റജിസ്റ്റർ ചെയ്യുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി ടീം ഇന്ത്യയുടെ ബാറ്റർ സഞ്ജു സാംസൺ വീണ്ടും അനാവശ്യ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഗ്കെബെർഹയിലെ സെൻ്റ് ജോർജ്സ് പാർക്കിൽ നടന്ന രണ്ടാം ടി20യിയിൽ പൂജ്യനായി മടങ്ങിയ സഞ്ജു ഇപ്പോഴിതാ മൂന്നാം ടി 20 യിലും പൂജ്യനായി മടങ്ങിയിരിക്കുകയാണ്.
തുടർച്ചയായ രണ്ട് സെഞ്ചുറികളോടെ പെട്ടെന്ന് തന്നെ വാർത്തകളിൽ നിറഞ്ഞ സഞ്ജു മാർക്കോ ജാൻസൻ്റെ പന്തിലാണ് ഈ രണ്ട് മത്സരത്തിലും ബൗൾഡ് ആയി മടങ്ങിയത് . കഴിഞ്ഞ മത്സരത്തിലെ നിരാശ മാറ്റാനിറങ്ങിയ താരം ഇന്നലെ രണ്ടാം പന്തിലാണ് മടങ്ങിയത്. രണ്ടാം മത്സരത്തിൽ വെറും മൂന്ന് പന്തുകൾ മാത്രം നേരിട്ട സാംസൺ ഒരു ബിഗ് ഷോട്ട് കളിക്കാനാണ് ശ്രമിച്ചതും പിന്നാലെ പുറത്തായതും.
സ്ഥിരതയോടെ കളിച്ചുതുടങ്ങി ഇന്ത്യൻ ടീമിൽ ഒരു സ്ഥിരം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിനിടയിൽ താരത്തിന് വലിയ തിരിച്ചടിയാണ് ഈ രണ്ട് പ്രകടനവും. വല്ലപ്പോഴും കളിച്ചാൽ പോരാ സ്ഥിരതയോടെ കളിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിൽ സ്ഥിരം സ്ഥാനം സഞ്ജുവിന് ഉറപ്പിക്കാൻ സാധിക്കു എന്നാണ് ആരാധകർ ഇന്നലത്തെ പ്രകടനത്തിന് പിന്നാലെ പറഞ്ഞത്.
മത്സരത്തിലേക്ക് വന്നാൽ ആവേശകരമായ മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനേ സാധിച്ചുള്ളൂ. മാർക്കോ യാൻസൻ്റെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യക്കായി തിലക് വർമ്മ 107 റൺ നേടി തിളങ്ങി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.