ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, 27 കാരനായ ഇന്ത്യന്‍ താരത്തെ വിരാട് കോഹ്‌ലിക്കു ശേഷം ടീമിലെ ഏറ്റവും മികച്ച ബാറ്ററായി ലേബല്‍ ചെയ്തു മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. തന്റെ അരങ്ങേറ്റം മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൊടുങ്കാറ്റായി മാറിയ യുവപ്രതിഭയായ യശ്വസി ജയ്സ്വാളിനെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും ഒഴിവാക്കി ഗാംഗുലി ആ സ്ഥാനം ഋഷഭ് പന്തിന് നല്‍കി. എന്നിരുന്നാലും, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന് ഇനിയും ചെയ്യാനുണ്ടെന്ന് ഗാംഗുലി മുന്നറിയിപ്പ് നല്‍കി.

‘അവന്‍ പ്രത്യേക കഴിവുണ്ട്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അയാള്‍ക്ക് ഇനിയും പരിണമിച്ച് തന്റെ കളി കണ്ടെത്തേണ്ടതുണ്ട്. എന്നാലും റെഡ് ബോളില്‍ അവന്‍ അതിശയകരമാണ്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും അദ്ദേഹം കളിച്ച ഇന്നിംഗ്സ് നോക്കൂ നിങ്ങള്‍ക്കത് മനസിലാകും. കോഹ്ലിക്ക് ശേഷം റെഡ്-ബോള്‍ ക്രിക്കറ്റിലെ ഒരു തലമുറയിലെ പ്രതിഭയാണ് അവന്‍. പരമ്പരയില്‍ അവന്‍ വലിയ സ്വാധീനം ചെലുത്തും- ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ രണ്ട് പര്യടനങ്ങളിലും ഓസ്ട്രേലിയന്‍ മണ്ണില്‍ ബിജിടിയില്‍ ഇന്ത്യയുടെ വിജയത്തില്‍ പന്ത് വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. 2018-19 പര്യടനത്തില്‍, ഒരു സെഞ്ച്വറി ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് 350 റണ്‍സുമായി പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു പന്ത്. അതേസമയം, 2020-21ല്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 274 റണ്‍സ് നേടിയ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ സ്‌കോററായിരുന്നു.

അതോടൊപ്പം ന്യൂസിലന്‍ഡിനെതിരായ മറക്കാനാവാത്ത ഔട്ടിംഗിന് ശേഷം ഓസ്ട്രേലിയയില്‍ ഫോമിലേക്കെത്താന്‍ വിരാട് കോഹ്ലിയെ ഗാംഗുലി പിന്തുണച്ചു. ‘അദ്ദേഹം ഒരു ചാമ്പ്യന്‍ ബാറ്ററാണ്. മുമ്പ് ഓസ്ട്രേലിയയില്‍ അവന്‍ വിജയം നേടിയിട്ടുണ്ട്. 2014-ല്‍ നാല് സെഞ്ച്വറികള്‍ നേടി. 2018-ലും സെഞ്ച്വറി നേടി. കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ പരമ്പരയാണ്, ന്യൂസിലന്‍ഡ് പരമ്പരയെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിച്ചുകള്‍ മികച്ച ബാറ്റിംഗ് അനുവദിച്ചില്ല. ഓസ്ട്രേലിയയില്‍ അദ്ദേഹം സാഹചര്യങ്ങള്‍ ആസ്വദിക്കും. നല്ല പിച്ചുകള്‍ ഉണ്ടാകും. ഈ പരമ്പരയില്‍ ഓസ്ട്രേലിയയില്‍ ഡെലിവര്‍ ചെയ്യാന്‍ ഞാന്‍ വിരാടിനെ പിന്തുണയ്ക്കുന്നു’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.