ഐ.സി.ഐ.ജെ പുറത്തു വിട്ട പാന്‍ഡോറ രേഖകളില്‍ ഐപിഎല്ലിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് ഒഴുകിയതിന്റെ വിവരങ്ങളും. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളിലേക്കാണ് വിദേശപണം ഒഴുകിയിരിക്കുന്നത്. ഐപിഎല്‍ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി ബന്ധപ്പെട്ട കമ്പനികള്‍ ഈ ടീമുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്. ഈ കമ്പനികളുടെ ഉടമകള്‍ ഇന്ത്യന്‍ വംശജരാണ്. ഇവര്‍ക്കെല്ലാം ഐപിഎല്ലിന്റെ ബുദ്ധികേന്ദ്രമായ ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പേരുകള്‍ ഈയിടെയാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. പ്രമുഖ ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭാ അംഗവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കുടുംബാംഗങ്ങളും അനില്‍ അംബാനിയും പട്ടികയിലുണ്ട്.
Read more
സിനിമാതാരം ജാക്കി ഷ്‌റോഫ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അടുപ്പമുള്ളവര്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാന്‍ഡോറ പേപ്പറില്‍ വെളിപ്പെടുത്തലുണ്ട്.