ഉസ്മാൻ ഖ്വാജക്ക് ഇരട്ട സെഞ്ച്വറി, സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി;ഓസ്‌ട്രേലിയയുടെ ലങ്കാദഹനം

ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി പ്രകടനവുമായി ഓപ്പണർ ഉസ്മാൻ ഖ്വാജയും, ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും തിളങ്ങിയപ്പോൾ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ഖ്വാജയുടെ ഡബിൾ സെഞ്ച്വറിയുടെയും സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ച്വറിയുടെയും മികവിൽ ഓസീസ് കൂറ്റൻ സ്കോറിലേക്കെത്തി. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ 120 ഓവറിൽ 507 ന് മൂന്ന് എന്ന നിലയിലാണ് ഓസീസ്.

323 പന്തിൽ 218 റൺസെടുത്ത ഖ്വാജയും 63 റൺസെടുത്ത ജോഷ് ഇംഗ്ലിസുമാണ് ക്രീസിൽ. 16 ഫോറുകളും ഒരു സിക്സറുകളും അടങ്ങുന്നതായിരുന്നു ഖ്വാജയുടെ ഡബിൾ സെഞ്ച്വറി. സ്റ്റീവ് സ്മിത്ത് 12 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 141 റൺസ് നേടിയാണ് പുറത്തായിരുന്നത്. ട്രാവിസ് ഹെഡ് 40 പന്തിൽ 57 റൺസ് നേടി പുറത്തായി. മാർനസ് ലബുഷെയ്ൻ 50 പന്തിൽ 20 റൺസ് നേടിയും പുറത്തായി.

ഇന്നലെ നേരിട്ട ആദ്യ പന്തിൽ തന്നെ റൺസ് കണ്ടെത്തിയതോടെ സ്മിത്ത് ടെസ്റ്റിൽ 10000 റൺസെന്ന നാഴിക കല്ല് പിന്നിട്ടിരുന്നു. തന്റെ 205-ാം ഇന്നിങ്‌സിലാണ് താരം ഈ നേട്ടം നേടിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ക്രിക്കറ്ററാണ് സ്മിത്ത്. റിക്കി പോണ്ടിങ്ങ്, അലൻ ബോർഡർ, സ്റ്റീവ് വോ എന്നിവർക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയക്കാരനായും സ്റ്റീവ് സ്മിത്ത് മാറി.