ചാമ്പ്യൻസ് ട്രോഫിയിൽ പുറത്തായതിന്റെ നാണക്കേടിന് ശേഷം മികച്ച പ്രകടനം നടത്തി തിരിച്ച് വരവ് നടത്താനിരുന്ന പാകിസ്ഥാൻ ടീമിന്റെ അതിദയനീയ അവസ്ഥയിൽ നിരാശയോടെയാണ് ആരാധകർ. പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിലും ന്യൂസിലാൻഡ് അഞ്ച് വിക്കറ്റിന് വിജയിച്ചു.
മഴയെ തുടർന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യം മറികടന്നു. മത്സരത്തിൽ വെടിക്കെട്ട് പ്രകടനം കൊണ്ട് പാകിസ്ഥാൻ ടീമിനെ പരാജയപെടുത്താൻ സഹായകരമായത് ടിം സീഫെര്‍ട്ടിന്റെ തകർപ്പൻ ഇന്നിങ്‌സാണ്. 22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 45 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്.
പാകിസ്ഥാൻ ബോളറായ ഷഹീൻ അഫ്രിദിയുടെ ഓവറിൽ നാല് സിക്‌സറുകൾ പായിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കൂടാതെ ടീമിൽ ഫിൻ അലൻ 16 പന്തിൽ 38 റൺസും, മിച്ചൽ ഹേയ് 16 പന്തിൽ 21* റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
Read more
പാകിസ്താന് വേണ്ടി സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി 22* എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് ടി 20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര 2 -0 ന് ന്യുസിലാൻഡ് ആണ് മുന്നിട്ട് നിൽക്കുന്നത്.