PKBS VS LSG: ഇതിലും ഭേദം അതിനെ അങ്ങോട്ട് കൊല്ലുന്നത് ആയിരുന്നു, പന്തിനെ എയറിൽ സ്ഥിരമായി ഇരുത്തുന്ന ഐറ്റം പുറത്തുവിട്ട് പഞ്ചാബ് കിങ്‌സ്; വീഡിയോ കാണാം

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് (പിബികെഎസ്) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചുകയറി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ മികച്ച ഫോം തുടർന്ന് മിന്നുന്ന അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തിൽ സഹായിച്ചു. 26 . 75 കോടി രൂപക്ക് പഞ്ചാബിൽ എത്തിയ അയ്യർ തനിക്ക് കിട്ടിയ ഓരോ തുകയുടെയും മൂല്യത്തിനുള്ള പ്രകടനമാണ് നടത്തുന്നത്. അതേസമയം എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ രൂക്ഷമായ രീതിയിൽ ഉള്ള ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

പതിനെട്ടാം സീസണിലെ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ നിന്നായി 15 റൺ മാത്രമാണ് താരത്തിന് നേടാനായത്. ഡൽഹിക്ക് എതിരായ മത്സരത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന അവസ്ഥയിൽ നിൽക്കെ ടീമിനെ തോൽപ്പിച്ചത് ഋഷഭ് പന്ത് എന്ന നായകനും കീപ്പറും കൂടി ചേർന്നായിരുന്നു. അങ്ങനെ ആകെ നോക്കിയാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് ടീമിൽ എത്തിയ താരം അതിന്റെ ഒരു ശതമാനം തിരിച്ചു നൽകുന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല.

ഇത് കൂടാതെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ക്യാപ്റ്റനായി നിയമിതനായ ശേഷം, സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് തനിക്ക് പഞ്ചാബ് കിംഗ്‌സിലേക്ക് (പിബികെഎസ്) ചേരാൻ താത്പര്യം ഇല്ലായിരുന്നു എന്നും അവർ ടീമിൽ എടുക്കാത്തത് നന്നായി എന്നും പറഞ്ഞ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് വിട്ട പന്ത്, ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി എൽഎസ്‌ജിയുമായി 27 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. പഞ്ചാബിന്റെ ബജറ്റ് 110 കോടി രൂപയായിരുന്നതിനാൽ, തനിക്ക് പകരം നായകസ്ഥാനത്തേക്ക് അയ്യരെ ഫ്രാഞ്ചൈസി തിരഞ്ഞെടുത്തപ്പോൾ ആണ് തനിക്ക് ആശ്വാസം തോന്നിയെന്ന് പന്ത് പറഞ്ഞിരുന്നു.

എന്തായാലും ഇന്നലെ അന്ന് കളിയാക്കിയ അതെ പഞ്ചാബിനും ശ്രേയസിനും മുന്നിൽ അതിദയനീയ തോൽവിയെറ്റ് വാങ്ങിയ ശേഷം പഴയ പ്രസ്താവനയുടെ പേരിൽ താരത്തെ കളിയാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. “എനിക്ക് ഒരു ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പഞ്ചാബ് എന്നെ തിരഞ്ഞെടുക്കുമോ എന്ന പേടിയാണ് അത്” താരം അന്ന് പറഞ്ഞു. ഇതിന് മറുപടിയായി ശ്രേയസ് അയ്യരുടെ വീഡിയോ വെച്ച് പഞ്ചാബ് എക്‌സിൽ എഴുതിയത് ഇങ്ങനെ-” ലേലത്തിൽ ഞങ്ങളുടെ സമ്മർദ്ദം എല്ലാം അവസാനിച്ചു”

എന്തായാലും പന്തിനെ ഈ ഫോമിൽ ടീമിൽ വെക്കരുതെന്ന ആവശ്യം ശക്തമാണ്.

Read more