"എന്റെ തന്ത്രം ആർക്കും പ്രവചിക്കാൻ സാധിക്കില്ല"; ബംഗ്ലാദേശിനെ പൂട്ടിയത് എങ്ങനെ എന്ന് പറഞ്ഞ് രോഹിത്ത് ശർമ്മ

ബംഗ്ലാദേശിനെതിരായ അവിശ്വസനീയമായ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം അവര്‍ കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ വിജയിക്കുകയും രണ്ട് മത്സരം തോല്‍ക്കുകയും ഒന്നില്‍ സമനിലയില്‍ പിരിയുകയും ചെയ്തു. ആദ്യ ടെസ്റ്റിൽ 280 റൺസിന്റെ ഗംഭീര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഓള്‍റൗണ്ട് പ്രകടനത്തിന് രവിചന്ദ്രന്‍ അശ്വിനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ അശ്വിന്‍, രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ തകര്‍ത്തുകളഞ്ഞു.

മത്സരത്തിൽ രോഹിത്ത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ മാത്രമാണ് മോശമായ പ്രകടനം കാഴ്ച വെച്ചത്. എന്നാൽ തന്റെ ക്യാപ്റ്റൻസി മികവിൽ രോഹിത്ത് കസറി. ബംഗ്ലാദേശിനെതിരെ ഉള്ള മത്സരത്തിൽ രോഹിത്തും ഗംഭീറും ടീമിനേ സജ്ജമാക്കിയത് അവരുടെ ദൗർബല്യങ്ങൾ മനസിലാക്കിയ ശേഷമാണ്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:

” നമ്മൾ എങ്ങനെ കളിച്ചു എന്നതിൽ അല്ല. ഏത് സാഹചര്യത്തിലാണ് കളിക്കുന്നത് എന്നതാണ് പ്രാധാന്യം. എന്റെ തന്ത്രം പ്രവചിക്കാൻ അവർക്ക് സാധിച്ചില്ല. ബോളിങ് നിരയെ ശക്തമാക്കി വെക്കാനാണ് ഞാൻ ശ്രമിച്ചത്. കുറച്ച് നാളുകളായി ഞങ്ങൾ എവിടെ കളിച്ചാലും ബോളിങ് യൂണിറ്റ് അവരുടെ മികവ് കളിക്കളത്തിൽ കാണിക്കാറുണ്ട്. അത് കൊണ്ട് ഈ ജയം അവരാണ് ഞങ്ങൾക്ക് നേടി തന്നത്” രോഹിത്ത് ശർമ്മ പറഞ്ഞു.

ആദ്യ ടെസ്റ്റ് മത്സരത്തിന് വേണ്ടിയുള്ള ടീമിനേ മാത്രമായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇതേ സ്‌ക്വാഡിനെ വെച്ച് തന്നെ മത്സരിക്കാനാണ് ഇന്ത്യൻ ബോർഡ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 മുതലാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കയറണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ ബംഗ്ലാദേശിന് നിർണായകമാണ്.