'ഇംഗ്ലണ്ട് ടീമില്‍ ആരുണ്ടായാലും ഭയമില്ല', വീറുംവാശിയുമേറ്റി വിരാട്

ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങളുമായി തുടക്കമിട്ട വാക് പോരിന്റെ തീഷ്ണതയേറ്റി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ട് ടീമില്‍ ഏതു പ്രധാന താരം കളിച്ചാലും ഇന്ത്യക്ക് പ്രശ്‌നമില്ലെന്ന് കോഹ്ലി തുറന്നടിച്ചു. ഇംഗ്ലണ്ട് ടീമില്‍ പ്രമുഖരുടെ അഭാവത്തില്‍ പരമ്പര ജയിക്കുന്നതിനുള്ള മികച്ച സമയം ഇതല്ലേ എന്ന്, ഹെഡിങ്‌ലി ടെസ്റ്റിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് കോഹ്ലി നയം വ്യക്തമാക്കിയത്.

വിജയിക്കാനുള്ള ശ്രമം എതിരാളിയുടെ കരുത്തിന് അനുസൃതമായാണോ നടത്തുന്നത് ?. പ്രധാന താരങ്ങള്‍ കളിച്ചാലും ഇംഗ്ലണ്ടിനെയല്ല ഏതു ടീമിനെയും ഇന്ത്യക്ക് കീഴടക്കാന്‍ കഴിയും. പ്രതിയോഗി ദുര്‍ബലരാകുന്നതുവരെ നമ്മള്‍ കാത്തിരിക്കില്ല- കോഹ്ലി പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നന്നായി കളിക്കുന്ന ടീമിനോട് ചോദിക്കേണ്ട ചോദ്യമിതല്ല. പരമ്പര ജയിക്കാന്‍ നമ്മള്‍ എതിരാളിയുടെ ശക്തിക്കുറവിനെ ആശ്രയിക്കുന്നുവെന്ന് പറയരുത്. അങ്ങനെയല്ല ഇന്ത്യ കളിക്കുന്നത്. ഈ ടീമിന്റെ സമീപനം അതല്ലെന്നും കോഹ്ലി വ്യക്തമാക്കി.
സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ് എന്നിവരുടെ പരിക്ക് ഇംഗ്ലീഷ് പേസ് നിരയുടെ മൂര്‍ച്ച ചോര്‍ത്തിയിരുന്നു. ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്‌സും ഇംഗ്ലണ്ടിനായി കളിക്കുന്നുമില്ല. ഈ സാചര്യത്തിലാണ് ഇംഗ്ലണ്ട് നിര ദുര്‍ബലമായെന്ന വിലയിരുത്തലുകള്‍ സജീവമായത്.