രഞ്ജി ട്രോഫി 2025: ഫൈനലിൽ സഞ്ജു സാംസൺ കേരളത്തിനോടൊപ്പം ഇറങ്ങിയേക്കുമോ? സാധ്യതകളിങ്ങനെ

രഞ്ജി ട്രോഫി ഫൈനലിലേക്ക് കേരളം രാജകീയമായി പ്രവേശിച്ചു. കേരളത്തിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റൺസിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്ത്. 2 റൺസിന്റെ നിർണായകമായ ലീഡ് കേരളം നേടിയത് വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു. ഇതോടെ കേരളം 74 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി രഞ്ജി ഫൈനലിലേക്ക് പ്രവേശിക്കുകയാണ്.

ഫെബ്രുവരി 26 ആം തിയതിയാണ് ഫൈനൽ മത്സരം നടക്കുക. വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ. സെമി ഫൈനലിൽ മുംബൈയെ 80 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. 2019-ൽ ആദ്യമായി കേരളം സെമി ഫൈനലിൽ എത്തിയപ്പോൾ അന്ന് എതിരാളികൾ വിദർഭയായിരുന്നു. എന്നാൽ ഫൈനലിലേക്ക് പ്രവേശിക്കാൻ കേരളത്തിന് സാധിച്ചില്ല.

ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസൺ കേളരത്തിനായി ഫൈനൽ കളിക്കുമോ ഇല്ലയോ എന്നതിലാണ്. ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടി 20 യിൽ ജോഫ്രെ അർച്ചറിന്റെ പന്തിൽ കൈ വിരലിനു പൊട്ടലേറ്റ താരം ഇപ്പോൾ വിശ്രമത്തിലാണ്. ഒരു മാസത്തെ വിശ്രമമാണ് അദ്ദേഹത്തിന് കൊടുത്തിരിക്കുന്നത്. 26 ആം തിയതി നടക്കുന്ന ഫൈനലിൽ താരത്തിന് കളിക്കാൻ സാധിച്ചേക്കില്ല.

ഇത് വരെയായി സഞ്ജുവിന് പരിക്കിൽ നിന്നും മുക്തി നേടാൻ സാധിച്ചിട്ടില്ല. ഐപിഎലിൽ ആദ്യ മത്സരങ്ങൾ നഷ്ടമാകാനുള്ള സാധ്യതയും കാണുന്നുണ്ട്. മാർച്ച് 21 നാണ് ഐപിഎൽ ആരംഭിക്കുന്നത്.