നോട്ടുകള്‍ വാരി വിതറി ജഡേജ; വീഡിയോ വൈറല്‍, വിമര്‍ശനം

ഗുജറാത്ത് ജാംനഗര്‍ നോര്‍ത്തില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയായ ഭാര്യ റിവാബയുടെ വിജയം പണം വിതറി ആഘോഷിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഡിസംബര്‍ എട്ടിനാണ് ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് താരം നടത്തിയ ആഘോഷ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

താരം ഒരു കൂട്ടം ഡോള്‍ മേളക്കാര്‍ക്കൊപ്പം ആഹ്ലാദപ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ മേളത്തിനൊപ്പിച്ച് ജഡേജ പണം വിതറുന്നതും കാണാം. പത്തു രൂപയുടെ നോട്ടാണ് നല്‍കുന്നത്. ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

കന്നി മത്സരത്തില്‍ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് റിവാബ നിയമസഭയിലേക്കു ചുവടുവയ്ക്കുന്നത്. രാഷ്ട്രീയത്തില്‍ പുതുമുഖമാണു റിവാബ. 84,336 വോട്ടുകള്‍ നേടിയ റിവാബയ്ക്ക്, രണ്ടാം സ്ഥാനത്തെത്തിയ എഎപിയുടെ കര്‍ഷന്‍ഭായ് കര്‍മുറിനേക്കാള്‍ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആകെ പോള്‍ ചെയ്തതിന്റെ 57.28 ശതമാനം വോട്ടുകളും റിവാബ സ്വന്തമാക്കി. സിറ്റിങ് എംഎല്‍എയെ ഒഴിവാക്കിയാണ് ബിജെപി ഇവിടെ റിവാബയെ സ്ഥാനാര്‍ഥിയാക്കിയത്.

നിലവില്‍ പരിക്കിനെ തുടര്‍ന്ന് ജഡേജ ഇന്ത്യന്‍ ടീമിന് പുറത്താണ്. പൂര്‍ണമായും ഫിറ്റാകാത്തതിനാല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് താരം പിന്മാറിയിരുന്നു. താരത്തിന്റെ അസാന്നിധ്യം ടി20 ലോകകപ്പിലടക്കം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.