എന്റെ ലിസ്റ്റിൽ രോഹിതും അക്സറും രാഹുലും ഇല്ല, അശ്വിന്റെ ടീം ഓഫ് ടൂർണമെന്റിൽ ഇടം നേടി അപ്രതീക്ഷിത താരങ്ങൾ; ഇന്ത്യയിൽ നിന്ന് നാല് പേര് മാത്രം

അടുത്തിടെ പാകിസ്ഥാനിലും ദുബായിലും സമാപിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ആവേശകരമായ ഒരു ടൂർണമെന്റ് ആയിരുന്നു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ ഫൈനലിൽ അവരെ തകർത്തെറിഞ്ഞ് ഇന്ത്യ നാല് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ഇപ്പോഴിതാ മുൻ താരം രവിചന്ദ്രൻ അശ്വിൻ ടൂർണമെന്റിലെ തന്റെ മികച്ച പ്ലെയിംഗ് ഇലവനെ വെളിപ്പെടുത്തിയിരിക്കുകയാണ്. നാല് ഇന്ത്യൻ താരങ്ങൾ മാത്രം ഉൾപ്പെട്ട ഇലവനിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്കും സൂപ്പർ താരം കെഎൽ രാഹുലിനും സ്ഥാനമില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റിനെയും ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്രയെയും അദ്ദേഹം ഓപ്പണർമാരായി തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനത്തിനായി വിരാട് കോഹ്‌ലിയും ജോ റൂട്ടും തമ്മിൽ മത്സരം ഉണ്ടായിരുന്നു, പക്ഷേ പാകിസ്ഥാനും ഓസ്ട്രേലിയയ്ക്കുമെതിരായ പ്രകടനം കണക്കിലെടുത്ത് അദ്ദേഹം കോഹ്‌ലിയെ തന്നെ തിരഞ്ഞെടുത്തു. നാലാം നമ്പറിൽ ശ്രേയസ് അയ്യർക്ക് ആണ് സ്ഥാനം കിട്ടിയത്.

ഇന്ത്യയുടെ വിജയത്തിന് സംഭാവന നൽകിയ അക്സർ പട്ടേൽ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരെ അശ്വിൻ പരിഗണിച്ചില്ല. ഇവർക്ക് പകരം ഓസ്‌ട്രേലിയൻ താരം ജോഷ് ഇംഗ്ലിസ്, ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡേവിഡ് മില്ലർ, അഫ്ഗാനിസ്ഥാനായി മികച്ച പ്രകടനം കാഴ്ചവച്ച അസ്മത്തുള്ള ഒമർസായ്, ന്യൂസിലൻഡിന്റെ സ്പിൻ സെൻസേഷണൽ മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ടീമിൽ ഇടം നേടി.

ബൗളിംഗ് വിഭാഗത്തിൽ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. മുഹമ്മദ് ഷമിക്ക് പകരം, അദ്ദേഹം ഏക സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ മാറ്റ് ഹെൻറിയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറെ 12 th മാനായി അശ്വിൻ തിരഞ്ഞെടുത്തു.

രവിചന്ദ്രൻ അശ്വിന്റെ ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ടൂർണമെന്റ് ടീം: രചിൻ രവീന്ദ്ര, ബെൻ ഡക്കറ്റ്, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ്, ഡേവിഡ് മില്ലർ, അസ്മത്തുള്ള ഒമർസായ്, മൈക്കൽ ബ്രേസ്‌വെൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, മാറ്റ് ഹെൻറി. പന്ത്രണ്ടാമത്തെ കളിക്കാരൻ: മിച്ചൽ സാന്റ്‌നർ.