രോഹിത് ശർമയുടെ പ്രധാന വെല്ലുവിളി ആ രണ്ട് കാര്യങ്ങളാണ്, അതിനാൽ 2027 ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന് നമുക്ക് പറയാൻ സാധിക്കില്ല: ദിലീപ് വെങ്‌സർക്കാർ

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഫൈനലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

ഇന്ത്യയോട് ടോപ് സ്‌കോറർ രോഹിത് ശർമയാണ്. താരം 83 പന്തുകളിൽ 3 സിക്‌സും 7 ഫോറും അടക്കം 76 റൺസാണ് നേടിയത്. കൂടാതെ ശുഭ്മാൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്‌സർ പട്ടേൽ 29 റൺസും ഹാർദിക്‌ പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*) രവീന്ദ്ര ജഡേജയും (9*) ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

മത്സരശേഷം രോഹിത് ശർമ്മ തന്റെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പരത്തി താരം തന്നെ പറഞ്ഞു ഏകദിനത്തിൽ നിന്ന് വിരമിക്കില്ല. അടുത്ത 2027 ഏകദിന ലോകകപ്പിൽ ടീമിനോടൊപ്പം ഉണ്ടാകും എന്ന വിശ്വാസത്തിലാണ് രോഹിത് ശർമ്മ. അത്രയും നാൾ വിരമിക്കാതെ താരത്തിന് നിൽക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സിലക്ടർ ദിലീപ് വെങ്‌സർക്കാർ.

ദിലീപ് വെങ്‌സർക്കാർ പറയുന്നത് ഇങ്ങനെ:

” ഞാൻ ജോത്സ്യനോന്നുമല്ല. 2027 ലോകകപ്പ് വരെ കളിയ്ക്കാൻ എത്രയോ മത്സരങ്ങൾ ബാക്കിയുണ്ട്. രോഹിതിന്റെ ഫോമും, ഫിറ്റ്നെസ്സും നോക്കിയാൽ മാത്രമേ വിരമിക്കലിനെ കുറിച്ച് സംസാരിക്കാനാകു. ഈ ഒരു അവസ്ഥയിൽ ഇതിനെ കുറിച്ച ഇപ്പോൾ പറയണ്ട കാര്യമില്ല. ഒരു താരം എന്ന നിലയിലും, ഒരു ക്യാപ്റ്റൻ എന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്ത് കൊണ്ടാണ് എല്ലാവരും അദ്ദേഹത്തിന്റെ വിരമിക്കലിന് വേണ്ടി ഇത്രയും മുറവിളി കൂട്ടുന്നത്” ദിലീപ് വെങ്‌സർക്കാർ പറഞ്ഞു.