'ഫീല്‍ഡിംഗ് പാളിയതിന് ലൈറ്റിനെ പഴിക്കുന്നോ..'; രച്ചിൻ രവീന്ദ്രയുടെ പരിക്കിൽ പിസിബിയെ ന്യായീകരിച്ച് സൽമാൻ ബട്ട്

ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രചിന്‍ രവീന്ദ്രയ്ക്കു പരുക്കേറ്റ സംഭവത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. പന്ത് തെറ്റായി വിലയിരുത്തിയതാണ് താരത്തിന് പരിക്കേറ്റതിന് കാരണമെന്ന് ബട്ട് പറഞ്ഞു. കൂടാതെ പാകിസ്ഥാന്‍ ബോളര്‍മാരുടെ എക്‌സ്പ്രസ് പേസിനെ നന്നായി ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ നേരിട്ടല്ലോ എന്നും ബട്ട് ചോദിക്കുന്നു.

താല്‍പര്യമില്ലാത്ത ആളുകള്‍ക്ക് ഒരു കാര്യം മനസ്സിലാക്കിക്കൊടുക്കുന്നത് ബുദ്ധിമുട്ടാണ്. അത് അനാവശ്യമാണ്. ഈ എല്‍ഇഡി ലൈറ്റുകള്‍ പുതുതായി സ്ഥാപിച്ചതാണ്. അതിന് ഒരു കുഴപ്പവുമില്ല. 150 കിലോമീറ്ററിന് അടുത്തു വേഗതയുള്ള പന്തുകള്‍ നേരിട്ട് സിക്‌സറുകള്‍ പറത്തുമ്പോള്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് വെളിച്ചം പ്രശ്‌നമായിരുന്നില്ലേ?

കണക്കുകൂട്ടലുകള്‍ തെറ്റിയതുകൊണ്ടാണ് രചിന്‍ രവീന്ദ്രയ്ക്കു ക്യാച്ച് എടുക്കാന്‍ സാധിക്കാതിരുന്നത്. രചിന്‍ രവീന്ദ്ര തീര്‍ച്ചയായും മികച്ച ഫീല്‍ഡറാണ്. പക്ഷേ അദ്ദേഹത്തിന്റെ കാല്‍ വഴുതിയിട്ടുണ്ടാകാം. അതുകൊണ്ടാകും ക്യാച്ച് മിസ്സായിപ്പോയത്- സല്‍മാന്‍ ബട്ട് പറഞ്ഞു.

പാകിസ്ഥാനെതിരെ ലഹോറില്‍ നടന്ന മത്സരത്തിനിടെയാണ് രചിന് പരുക്കേറ്റത്. 37ാം ഓവറില്‍ ഖുഷ്ദില്‍ ഷാ ഉയര്‍ത്തി അടിച്ച ഷോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രചിന് പരുക്കേറ്റത്. തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയിലാണ് താരത്തെ മൈതാനത്തുനിന്ന് കൊണ്ടുപോയത്.

അതേസമയം, രചിന്‍ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പിന്നീടു പ്രതികരിച്ചു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ താരം കളിക്കാനിറങ്ങിയിരുന്നില്ല.

Read more