കാണ്‍പൂര്‍ ടെസ്റ്റിന് മുമ്പ് ബംഗ്ലാദേശിന് ഞെട്ടല്‍; വിരമിക്കല്‍ പ്രഖ്യാപിച്ച് സൂപ്പര്‍ താരം

ബംഗ്ലാദേശ് ഇതിഹാസ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ രാജ്യാന്തര ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷക്കീബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിര്‍പുരില്‍ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് ഷക്കീബ് വ്യക്തമാക്കി.

മിര്‍പുരില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ വിരമിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങള്‍ ബിസിബി നടത്തുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അത് സാധ്യമായില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ നാളെ കാന്‍പുരില്‍ നടക്കുന്ന ടെസ്റ്റ് തന്റെ വിരമിക്കല്‍ ടെസ്റ്റായിരിക്കുമെന്ന് ഷക്കീബ് പറഞ്ഞു.

ടി20 ലോകകപ്പില്‍ കളിച്ച അവസാന മത്സരമാണ് തന്റെ വിരമിക്കല്‍ മത്സരമെന്ന് അദ്ദേഹം പറഞ്ഞു. 2025ലെ ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കുമെന്ന് ഷക്കീബ് വ്യക്തമാക്കി.

2006ലാണ് ഷക്കീബ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. എല്ലാ ഫോര്‍മാറ്റില്‍നിന്നുമായി 14000 റണ്‍സും 700 വിക്കറ്റും ഷക്കീബ് പേരിലുണ്ട്. 69 ടെസ്റ്റുകളാണ് ഷക്കീബ് ബംഗ്ലാദേശിനായി കളിച്ചത്. ഇതില്‍നിന്നും 4453 റണ്‍സും 242 വിക്കറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ടി 20യിലെ വിക്കറ്റ് വേട്ടയില്‍ 149 വിക്കറ്റോടെ മൂന്നാമനാണ് ഷാക്കീബ്. ഓക്ടോബര്‍ 21നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ മിര്‍പൂര്‍ ടെസ്റ്റ്.

Read more