അന്താരാഷ്ട്ര ടെസ്റ്റ്, ടി-20 ഫോർമാറ്റുകളിൽ നിന്ന് ഷകിബ് അൽ ഹസൻ ദിവസങ്ങൾക്ക് മുൻപാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുമായുള്ള രണ്ട് ടെസ്റ്റ് പരമ്പരകളും ബംഗ്ലാദേശ് തോൽവി ഏറ്റുവാങ്ങിയിരുന്നു. കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ച് ഇന്ത്യ. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിൽ അവരുടെ പദ്ധതികളെ തകർത്തത് ഇന്ത്യയുടെ ബോളിങ് യൂണിറ്റ് ആയിരുന്നു.
മത്സരശേഷം ഷകിബ് അൽ ഹസന് വിരാട് കോഹ്ലി തന്റെ ബാറ്റ് ഒപ്പു വെച്ച് സമ്മാനമായി നൽകി. ഈ കാഴ്ച ആരാധകർക്കും മത്സരം കാണാൻ വന്ന കാണികൾക്കും സന്തോഷം പകരുന്ന നിമിഷങ്ങളിൽ ഒന്നായി മാറി. കളിക്കളത്തിൽ വെച്ച് അവർ ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും മത്സര ശേഷം തങ്ങളുടെ സൗഹൃദത്തിന് കേട് വരാതെ സൂക്ഷിക്കാറുണ്ട്.
ഇപ്പോൾ നടന്ന സീരീസിൽ ബംഗ്ലാദേശിന് വേണ്ടി ഷാകിബ് തകർപ്പൻ ബോളിങ് പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്സിൽ അദ്ദേഹം നാല് വിക്കറ്റുകൾ നേടി. എന്നാൽ ബാറ്റിംഗിൽ അദ്ദേഹത്തിന് വേണ്ട പോലെ തിളങ്ങാൻ സാധിച്ചില്ല.
ഒക്ടോബർ ആറാം തിയതി മുതലാണ് ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒക്ടോബർ 16 തിയതി മുതലാണ് ന്യുസിലാൻഡ് പര്യടനം ആരംഭിക്കുന്നത്.