റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിക്ക് ശേഷം കിവീസ് കണ്ട ഏറ്റവും മികച്ച ബോളര്‍, പക്ഷേ വേഗത്തില്‍ വിരമിക്കേണ്ടി വന്നു!

ശങ്കര്‍ ദാസ്

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിക്ക് ശേഷം കിവീസ് കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി ക്രിക്കറ്റ് ലോകം വിലയിരുത്തിയ താരമാണ് ഷെയ്ന്‍ ബോണ്ട്. കരിയറില്‍ ഉടനീളം പരിക്ക് വില്ലനായിരുന്നില്ലെങ്കില്‍ മത്സരങ്ങളുടെ എണ്ണത്തിലും നേടിയ വിക്കറ്റുകളുടെ എണ്ണത്തിലും മഹാരഥന്മാരുടെ കൂട്ടത്തില്‍ ചേര്‍ത്ത് വെക്കേണ്ട പേര് തന്നെയാണ് ബോണ്ടിന്റേത്. പക്ഷെ വെറും 18 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും 20 T20 കളിലും മാത്രം ഒതുങ്ങി 35 വയസ്സ് പോലും തികയുന്നതിന് മുമ്പ് കളിക്കളത്തില്‍ നിന്നും വിരമിക്കേണ്ടി വന്നു എന്നത് ആരാധകരെ നിരാശപ്പെടുത്തിയ വാര്‍ത്ത തന്നെയായിരുന്നു.

ബോണ്ടിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് 2003 ഏകദിന ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മല്‍സരമാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സഹീര്‍ ഖാന്റെയും ഹര്‍ഭജന്റെയും മികവില്‍ കിവീസിനെ 146 റണ്‍സിന് എറിഞ്ഞിട്ടു. കളിയില്‍ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചെങ്കിലും ഇന്ത്യയുടെ ചേസിംഗ് ഒട്ടും അനായാസമായിരുന്നില്ല. ഇന്നിംഗ്‌സ് തുടങ്ങിയ സച്ചിനും സെഹ്വാഗും ബോണ്ടിന്റെ തീയുണ്ടകള്‍ക്ക് മുന്നില്‍ ശരിക്കും വിറച്ചു.

തന്റെ ആദ്യ ഓവറില്‍ തന്നെ സെഹ്വാഗിനെ മടക്കിയ ബോണ്ട്, രണ്ടാം ഓവറില്‍ 153 KPH വേഗത്തില്‍ എറിഞ്ഞ ഒരു യോര്‍ക്കറില്‍ ഗാംഗുലിയുടെ കുറ്റിയും തകര്‍ത്തപ്പോള്‍ ഇന്ത്യ 4 ഓവറില്‍ രണ്ടക്കം തികച്ചിട്ടുണ്ടായിരുന്നില്ല. സച്ചിനും അധികം വൈകാതെ പുറത്തായെങ്കിലും ദ്രാവിഡും കൈഫും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കരിയറിലെ തന്റെ ഏറ്റവും വേഗമേറിയ പന്ത് (156.4KPH) ബോണ്ട് എറിഞ്ഞതും ഈ കളിയിലായിരുന്നു.

പരിക്കിനെ കൂടാതെ അച്ചടക്കനടപടിയുടെ കരിനിഴലും ബോണ്ടിന്റെ കരിയറില്‍ ഉണ്ടായിരുന്നു. 2008ല്‍ വിമത ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് ബോണ്ടിനെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. പരിക്കിന് പുറമെ ഈ ഇടവേളയും അദ്ദേഹത്തിന്റെ കരിയറില്‍ പ്രതികൂലമായി ബാധിച്ചു.

2010ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 8 മത്സരങ്ങള്‍ കളിച്ച ബോണ്ട് IPL കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ച് ആയ ഷെയ്ന്‍ ബോണ്ടിന്റെ വിക്കറ്റ് സമ്പാദ്യം ടെസ്റ്റില്‍ 87, ഏകദിനത്തില്‍ 145, T20I യില്‍ 25,IPL 9 എന്നിങ്ങനെയാണ്. ജൂണ്‍ 7-ഷെയ്ന്‍ ബോണ്ടിന്റെ ജന്മദിനം..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍