നാല് ഓവറുകളും മനോഹരമായി എറിഞ്ഞു തീർത്തപ്പോൾ പഴയ രണ്ടാം കപിൽദേവ് എന്ന് പരിഹാസത്തെ തിരിച്ചു പരിഹസിക്കുന്നതും ചിലർക്ക് തോന്നിക്കാണും

ധനേഷ് ദാമോദരൻ

ഗുജറാത്ത് ടൈറ്റൻസ് എന്ന കറുത്ത കുതിരകളുടെ മാത്രമല്ല നായകൻ ഹർദിക് പാണ്ഡ്യ എന്ന ഫീനിക്സ് പക്ഷിയുടെ ഉയർന്നു പറക്കൽ കൂടിയാണ് അഹമ്മദാബാദിൽ കണ്ടത്. അഹങ്കാരി എന്ന് മുദ്രകുത്തപ്പെട്ട് ഒടുവിൽ ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടപ്പോൾ ഇനി ഒരു തിരിച്ചു വരവില്ല എന്ന് വിധിയെഴുതപ്പെട്ട ഹർദിക് വമ്പൻ വേദിയിൽ കളിയിലെ കേമനായതിനാപ്പം കളിച്ച അഞ്ചാമത് ഫൈനലും തലയെടുപ്പോടെ വിജയിക്കുമ്പോൾ ആ അഹങ്കാരിയുടെ തിരിച്ചുവരവിനെ എന്തു പറഞ്ഞു വിശേഷിപ്പിക്കും?

അഹമ്മദാബാദിൽ സർവ്വവും പാണ്ഡ്യ ആയിരുന്നു .മൈതാനത്ത് എന്തു നടക്കണം എന്ന് തീരുമാനിച്ചത് പോലും അയാൾ ആയിരുന്നു. രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് വേണ്ടി കയ്യടിക്കാൻ ഒരുങ്ങിയവരെ തൻ്റെ ഓൾറൗണ്ട് പ്രകടനം കൊണ്ട് അയാൾ കൈയടിപ്പിക്കുകയായിരുന്നു. ഒമ്പതാം ഓവറിൽ സ്വയം പന്തെടുത്ത് സഞ്ജുവിനെ വീഴ്ത്തി രാജസ്ഥാനിൻ്റെ ഹൃദയം തകർത്ത് പാണ്ഡ്യ പിന്നാലെ ജോസ് ബട്‌ലറെ കൂടി മടക്കുമ്പോൾ 3 ഓവറുകൾക്കുള്ളിൽ രാജസ്ഥാൻ്റെ എല്ലാ പ്രതീക്ഷകളും ഒറ്റക്ക് തകർക്കുക ആയിരുന്നു. ഒടുവിൽ അവസാന പ്രതീക്ഷയും.

ഫിനിഷർ ഹെറ്റ്മെയറെ കൂടി തന്റെ അവസാന ഓവറിൽ പുറത്താക്കിയ അയാൾ ഞായറാഴ്ച രാത്രിയിലെ സൂപ്പർഹീറോ ആകുകയായിരുന്നു. കൃത്യമായി തൻ്റെ ബൗളർമാരെ റൊട്ടേറ്റ് ചെയ്ത പണ്ഡ്യ രാജസ്ഥാൻ മേധാവിത്വം നേടുന്നു എന്ന് തോന്നിയ സമയത്തെല്ലാം തൻ്റെ പ്രീമിയം ബോളർ റാഷിദിനെ കൊണ്ടുവന്ന് തുറന്ന ഓട്ടകൾ അടക്കുകയും ചെയ്തു. ഒപ്പംതന്നെ തൻ്റെ 4 ഓവറുകളും മനോഹരമായി എറിഞ്ഞു തീർത്തപ്പോൾ പഴയ രണ്ടാം കപിൽദേവ് എന്ന് പരിഹാസത്തെ തിരിച്ചു പരിഹസിക്കുന്നതും ചിലർക്ക് തോന്നിക്കാണും.

മത്സരം വിജയിപ്പിച്ച അടങ്ങൂ എന്ന ത്വരയായിരുന്നു പാണ്ഡ്യയിൽ കണ്ടത്. 23 റൺസിനിടെ 2 വിക്കറ്റുകൾ നഷ്ടപ്പെടുകയും എട്ടാം ഓവറിൽ 38 ന്2 എന്ന നിലയിൽ സമ്മർദം വന്ന നിമിഷത്തിലും ഗുജറാത്തിൻ്റെ ഇന്നിങ്ങ്സിനെ താങ്ങി നിർത്തിയത് സമചിത്തതയോടെ റൺ ഉയർത്തി ബാറ്റിംഗിൽ 30 പന്തിൽ 34 റൺസെടുത്ത പാണ്ഡ്യ ആയിരുന്നു.

Read more

ചഹലിൻ്റെ മനോഹരമായ പന്തിൽ പുറത്താക്കുന്നത് വരെയും താൻ പുറത്താകാതെ നിന്ന് ടീമിനെ വിജയിപ്പിച്ച അടങ്ങൂ എന്ന രീതിയിലായിരുന്നു അയാൾ ബാറ്റ് ചെയ്തത് .വെടിക്കെട്ടുകാരനായ പാണ്ഡ്യ ടീമിൻറെ വിജയത്തിനായി സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാൻ പ്രാപ്തനായ നിലയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ കൂടിയായിരുന്നു ക്യാപ്റ്റൻസി എന്ന ഉത്തരവാദിത്തം അയാൾക്ക് നൽകിയ അനുഗ്രഹവും.