ഇംഗ്ലണ്ട് - ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരം പോലെ ഒന്ന് 30 വര്‍ഷത്തിന് മുമ്പും സംഭവിച്ചു!, സാദൃശ്യങ്ങള്‍ അത്ഭുതപ്പെടുത്തും

കെ. നന്ദകുമാര്‍ പിള്ള

ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് മത്സരം. വെല്ലിംഗ്ടണില്‍ ഇരു കൂട്ടരും ജയത്തിനായി വാശിയോടെ മത്സരിച്ചപ്പോള്‍ ഒരു റണ്ണിനായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം.

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരു റണ്‍ എന്ന ഏറ്റവും ചെറിയ വിജയ മാര്‍ജിനില്‍ അവസാനിച്ച രണ്ടാമത്തെ മാത്രം മത്സരമായിരുന്നു അത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഡലൈഡില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ആണ് ആദ്യമായി ഈ ചരിത്രം കുറിച്ചത്. ആ മത്സരത്തിലേക്ക് ഒരെത്തിനോട്ടം.

പ്രതാപ കാലം പൂര്‍ണമായും അസ്തമിച്ചിട്ടില്ലാത്ത വെസ്റ്റ് ഇന്ത്യന്‍ ടീം. ഓസ്ട്രേലിയ ലോക ചാമ്പ്യന്‍ പദവിയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നു. ആദ്യ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയ 1 – 0 നു ലീഡ് ചെയ്യുന്നു. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാര്‍ ഡെസ്മണ്ട് ഹെയ്ന്‍സും ഫില്‍ സിമ്മണ്‍സും ചേര്‍ന്ന് മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. സ്‌കോര്‍ 84 ല്‍ നില്‍ക്കേ സിമ്മണ്‍സിനെ പുറത്താക്കി സ്റ്റീവ് വോയാണ് ഓസീസിന് ആദ്യ ബ്രേക്ത്രൂ നല്‍കിയത്. അതിനു ശേഷം മികച്ച പാര്‍ട്ണര്‍ഷിപ്പുകള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയാഞ്ഞ വെസ്റ്റ് ഇന്‍ഡീസ് 252 റണ്‍സിന് ഓള്‍ ഔട്ട് ആയി. 52 റണ്‍സ് എടുത്ത ബ്രയാന്‍ ലാറയായിരുന്നു ടോപ് സ്‌കോറര്‍. ഓസ്ട്രേലിയക്കായി വെറ്ററന്‍ ബൗളര്‍ മെര്‍വ് ഹ്യൂസ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.

ഓസ്ട്രേലിയക്കും കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. കര്‍ട്‌ലി ആംബ്രോസ് ഒരു കൊടുംകാറ്റ് പോലെ ആഞ്ഞടിച്ചപ്പോള്‍ കങ്കാരുക്കളുടെ ആദ്യ ഇന്നിംഗ്‌സ് 213 റണ്‍സില്‍ അവസാനിച്ചു. ആര്‍ക്കും അര്‍ദ്ധ സെഞ്ചുറി പോലും നേടാനായില്ല. 74 റണ്‍സ് വഴങ്ങി ആംബ്രോസ് 6 വിക്കറ്റുകള്‍ വീഴ്ത്തി.

39 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് പക്ഷെ, പിടിച്ചു നില്‍ക്കാനായില്ല. തുടക്കത്തില്‍ മക്ഡര്‍മോട്ട് ആഞ്ഞടിച്ചപ്പോള്‍ അവസാന അഞ്ചു വിക്കറ്റുകളും വീഴ്ത്തി ഓഫ് സ്പിന്നര്‍ ടിം മേ വെസ്റ്റ് ഇന്‍ഡീസിനെ വെറും 146 റണ്‍സില്‍ ഒതുക്കി. 72 റണ്‍സ് എടുത്ത റിച്ചി റിച്ചാര്‍ഡ്‌സണ്‍ ആയിരുന്നു ടോപ് സ്‌കോറര്‍. ആറു പേര്‍ ഒറ്റയക്കത്തിന് പുറത്തായി.
നാലാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് വെച്ച് നീട്ടിയത് 186 എന്ന വിജയലക്ഷ്യം. ബാറ്റിംഗ് വളരെ ദുഷ്‌കരമായ പിച്ചില്‍ ആ സ്‌കോര്‍ ഒട്ടും എളുപ്പമായിരുന്നില്ല.

സീരീസില്‍ ഓസ്ട്രേലിയക്ക് മികച്ച തുടക്കം നല്കിപ്പോന്ന ഡേവിഡ് ബൂണിനെ പൂജ്യത്തിനു പുറത്താക്കി ആംബ്രോസ് ആദ്യ വെടി പൊട്ടിച്ചു. സ്‌കോര്‍ 16 ല്‍ എത്തിയപ്പോഴേക്കും ഓസ്ട്രേലിയക്ക് രണ്ട് ഓപ്പണര്മാരെയും നഷ്ടമായി. എന്നാല്‍ തന്റെ ആദ്യ മത്സരം കളിക്കുന്ന ജസ്റ്റിന്‍ ലാംഗര്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. മാര്‍ക്ക് വോയോടൊപ്പം തുടക്കക്കാരന്റെ പതര്‍ച്ച ഇല്ലാതെ ബാറ്റ് ചെയ്ത ലാംഗര്‍ കളി മുന്നോട്ട് നീക്കി. പക്ഷെ 20 റണ്‍സിന്റെ വ്യത്യാസത്തില്‍ മാര്‍ക്ക് വോ, സ്റ്റീവ് വോ, ബോര്‍ഡര്‍, ഹീലി, ഹ്യൂസ് എന്നിവരെ നഷ്ടപ്പെട്ട ഓസ്‌ട്രേലിയ 7 / 74 എന്ന സ്‌കോറിലേക്ക് പതിച്ചു. ശേഷം ലാംഗര്‍ – ഷെയിന്‍ വോണ്‍ ഒരു ചെറിയ കൂട്ടുകെട്ട്. സ്‌കോര്‍ 102 ല്‍ വോണും വീണു.

വെസ്റ്റ് ഇന്‍ഡീസ് വിജയമുറപ്പിച്ചു കഴിഞ്ഞു. കളി ഇനി ഏതാനും നിമിഷത്തിനുള്ളില്‍ അവസാനിക്കും എന്ന പ്രതീതി. പക്ഷെ, പ്രൊഫെഷണല്‍ ക്രിക്കറ്റിന്റെ ആശാന്മാരായ ഓസ്‌ട്രേലിയ അവിടെ നിന്ന് തിരിച്ചടിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ ലംഗറിന് കൂട്ടായി ക്രീസില്‍ ഉള്ളത് ടിം മേ. ഇയാന്‍ ബിഷപ്, ആംബ്രോസ്, വാല്‍ഷ്, കെന്നെത് ബെഞ്ചമിന്‍ എന്നീ ഫാസ്റ്റ് ബൗളേഴ്സിന്റെ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ സര്‍വ പ്രതിരോധവും തീര്‍ത്ത് പിടിച്ചു നിന്ന രണ്ടു പേരും സ്‌കോര്‍ ബോര്‍ഡ് മെല്ലെ മെല്ലെ മുന്നോട്ട് ചലിപ്പിച്ചു. ഇതിനിടയില്‍ പല പ്രാവശ്യം പന്ത് ശരീരത്തില്‍ തട്ടിയെങ്കിലും അവരെ പുറത്താക്കാന്‍ വെസ്റ്റ് ഇന്ത്യന്‍സിനു സാധിച്ചില്ല. അവസാനം സ്‌കോര്‍ 144 ല്‍ നില്‍ക്കേ ബിഷപ്പിന്റെ പന്തില്‍ ആഞ്ഞു വീശിയ ലാംഗറിന് പിഴച്ചു. അണ്ടര്‍ എഡ്ജ് എടുത്ത പന്ത് വിക്കറ്റ് കീപ്പര്‍ ജൂനിയര്‍ മറെയുടെ കയ്യില്‍. ലാംഗര്‍ 54 റണ്‍സ് എടുത്തു.

ഓസ്ട്രലിയക്ക് ജയിക്കാന്‍ ഇനി വേണ്ടത് 42 റണ്‍സ്, കയ്യിലുള്ളത് 1 വിക്കറ്റും. ക്രീസിലുള്ളത് മേയും ലാസ്റ്റ് ബാറ്റ്‌സ്മാന്‍ മക്ഡര്‍മോട്ടും. എന്തും സംഭവിക്കാവുന്ന അന്തരീക്ഷം. വെസ്റ്റ് ഇന്‍ഡീസുകാര്‍ ഷോട്ട് പന്തുകള്‍ എറിഞ്ഞു കൊണ്ടേയിരുന്നു. മൂന്നു പ്രാവശ്യമാണ് രണ്ടു ബാറ്റ്സ്മാന്മാരും ക്യാച്ചില്‍ നിന്ന് രക്ഷപെട്ടത്. രണ്ടു പ്രാവശ്യം ഫോര്‍വേഡ് ഷോര്‍ട് ലെഗ്ഗിലും ഒരിക്കല്‍ മിഡ് ഓണിലും. ഭാഗ്യത്തിന്റെ അകമ്പടിയോടെ ഓസ്ട്രേലിയ മുന്നോട്ട്.

ഇപ്പോള്‍ സ്‌കോര്‍ 184. ജയിക്കാന്‍ വേണ്ടത് 2 റണ്‍സ്. വര്‍ധിത വീര്യത്തോടെ പന്തെറിഞ്ഞ വാല്‍ഷിന്റെ ബൗണ്‍സറിന് ബാറ്റ് വെച്ച മക്ഡര്‍മോട്ടിന് പക്ഷെ, ഇപ്രാവശ്യം തെറ്റി. ഗ്ലൗസില്‍ ഉരസിയ പന്ത് നേരെ കീപ്പറുടെ കയ്യില്‍… വെസ്റ്റ് ഇന്‍ഡീസിന് അവിശ്വസനീയമായ 1 റണ്‍ ജയം.

അവസാന ബാറ്റ്‌സ്മാനെ ഔട്ട് ആക്കിയ ശേഷം വാല്‍ഷ് കാണിച്ച ആവേശം കാണേണ്ടത് തന്നെയാണ്. രണ്ടിന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ആംബ്രോസ് മാന് ഓഫ് ദി മാച്ച് ആയി.
യാദൃശ്ചികമാവാം. 1 റണ്‍ വിജയ മാര്‍ജിനില്‍ അവസാനിച്ച രണ്ടു ടെസ്റ്റു മത്സരങ്ങളിലും അവസാന ബാറ്റ്സ്മാന്‍മാര്‍ ഔട്ട് ആയത് കീപ്പര്ക്ക് ക്യാച്ച് നല്‍കിയാണ്.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍