ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാണംകെട്ട തോൽവി കരസ്ഥമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. 7 വിക്കറ്റിനാണ് പാറ്റ് കമ്മിൻസും സംഘവും പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ താരങ്ങൾക്ക് നേരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ആദ്യ മത്സരത്തിൽ നേടിയ വെടിക്കെട്ട് സ്കോർ പോലെ തുടർന്നും പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയാണ് താരങ്ങൾ സമ്മാനിച്ചത്.
അടുപ്പിച്ച് നാല് മത്സരങ്ങളാണ് ടീം തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ ആരാധകരും ടീമിന് നേരെ തിരിഞ്ഞിരിക്കുകയാണ്. ടീമിന്റെ പരാജയകരണം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.
പാറ്റ് കമ്മിൻസ് പറയുന്നത് ഇങ്ങനെ:
” ഗുജറാത്തിന്റെ പേസർമാർ നന്നായി പന്തെറിഞ്ഞു. പിച്ച് സ്പിൻ ബൗളിങ്ങിനെ തുണച്ചില്ല. ഹൈദരാബാദ് സീസണിൽ വലിയ പ്രതിസന്ധിയിലാണ്. പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചുവരേണ്ടതുണ്ട്, അതിന് വേണ്ടിയുള്ള എല്ലാ പരിശ്രമവും എന്റെ ഭാഗത്ത് നിന്നും ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും” പാറ്റ് കമ്മിൻസ് പറഞ്ഞു.
ഇന്നലെ ബാറ്റിംഗിൽ വന്ന പിഴവുകൾ കൊണ്ടാണ് സൺറൈസേഴ്സിന് വിജയം അസാധ്യമായത് എന്നാണ് മുൻ താരങ്ങളുടെ വിലയിരുത്തൽ. ഇന്നലെ സൺറൈസേഴ്സിനായി ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനംകാഴ്ച വെച്ചത് നിതീഷ് കുമാർ റെഡ്‌ഡി 31 റൺസും, ഹെൻറിച്ച് ക്ലാസ്സൻ 27 റൺസും, പാറ്റ് കമ്മിൻസ് 22 റൺസും മാത്രമാണ്. ഓപ്പണർമാരായ അഭിഷേക് ശർമ്മ (18), ട്രാവിസ് ഹെഡ് (8) എന്നിവർ നേരത്തെ മടങ്ങി. കൂടാതെ ഇഷാൻ കിഷൻ 17 റൺസും നേടി പൊരുതാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.