ചെന്നൈയുടെ ഫൈനല്‍ പ്രവേശം; ചെന്നൈ പരിശീലകന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് പ്രേമികള്‍

ഫിനീഷിംഗ് റോളിലേക്കുള്ള എംഎസ് ധോണിയുടെ മടങ്ങിവരവാണ് ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചര്‍ച്ച. ഡല്‍ഹിക്കെതിരായി ഇന്നലെ നടന്ന മത്സരത്തില്‍ പഴയ ധോണിയെയാണ് ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ മോശം ഫോമിലായിരുന്നിട്ടും മത്സരത്തിലെ നിര്‍ണായക നിമിഷത്തില്‍ ധോണി ബാറ്റിംഗ് സ്വയം ചോദിച്ച് മേടിച്ച് ഇറങ്ങുകയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്.

‘നിരവധി ചര്‍ച്ചകള്‍ നടന്നു. തന്ത്രപരമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഒടുവില്‍ ഞാന്‍ ബാറ്റിംഗിനിറങ്ങാമെന്ന് ധോണി പറയുകയായിരുന്നു. ഞാന്‍ അവന് പിന്തുണ നല്‍കി. അവനെ പിന്തിരിപ്പില്ല. അതിന്റെ ഫലമാണ് ഇന്ന് കണ്ടത്’ ഫ്ളമിംഗ് പറഞ്ഞു.

MS Dhoni Turns The Clock Back; Wins Match For CSK With A Six. Watch | Cricket News

ഐപിഎല്ലിലെ ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ കടന്നത്. ടോം കറന്‍ എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്ത് അതിര്‍ത്തി കടത്തി ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് ഒരിക്കല്‍ കൂടി ചെന്നൈയെ ഐപിഎല്‍ കലാശക്കളത്തില്‍ എത്തിച്ചത്. ആറ് പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 18 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി വീണ്ടും സൂപ്പര്‍ കിംഗ്സിന്റെ ഫിനിഷറായി മാറി. സ്‌കോര്‍: ഡല്‍ഹി-172/5 (20 ഓവര്‍). ചെന്നൈ-173/6 (19.4).

50 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 70 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പ 44 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 63 റണ്‍സെടുത്തു. ഡല്‍ഹിക്കായി ടോം കറന്‍ 3.4 ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആന്റിച് നോര്‍ട്യ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ആവേശ് ഖാന്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.